കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മുകളിലുള്ള സംശയത്തിന്റെ നിഴല്‍ കനക്കുന്നു. ദിലീപ് നായകായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ സുനി എത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സുനി ചിത്രത്തിന്റെ ലൊക്കേഷനില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു.

പകരക്കാരന്‍ ഡ്രൈവറായി സുനി രണ്ട് ദിവസം സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് സുനിയെ സെറ്റിലെത്തിച്ച മുരുകനില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ലൊക്കേഷന്റെ ചുമതലയുണ്ടായിരുന്ന മുരുകന്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

നേരത്തെ, ദിലീപുമായും നാദിര്‍ഷായുമായും ഇടപാടുണ്ടെന്ന് സുനി പറഞ്ഞെന്ന് സഹതടവുകാരന്‍ ജിന്‍സണിന്റെ മൊഴി പറത്തുവന്നിരുന്നു. ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

നാദിര്‍ഷായ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കും കേസില്‍ പങ്കുള്ളതായി തോന്നിയിട്ടുണ്ടെന്നും ജിന്‍സന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.


Also Read: പശുവിനെ പോലും ഹിംസ്രജന്തുവാക്കി വര്‍ഗീയ വ്യാപാരം കൊഴുപ്പിക്കുന്ന പിശാചുക്കളാണ് ഇന്ദ്രപ്രസ്ഥത്തില്‍; കെ.എം ഷാജി  


രണ്ടു ദിവസം മുമ്പാണ് ജിന്‍സണ്‍ കോടതിയില്‍ മൊഴി നല്‍കിയത്. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു രഹസ്യമൊഴി നല്‍കിയത്. ജിന്‍സന്റെ ഈ വെളിപ്പെടുത്തലാണ് ദിലീപിലേക്കും നാദിര്‍ഷയിലേക്കും കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും അന്വേഷണം നീങ്ങാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ സുനി മൊബൈല്‍ ഉപയോഗിച്ചതായി ജിന്‍സണ്‍ നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. പുതിയ ഷൂവിന്റെ അടിഭാഗം മുറിച്ചാണ് മൊബൈല്‍ ജയിലില്‍ എത്തിച്ചതെന്നാണ് ജിന്‍സണ്‍ പറഞ്ഞത്.

ഈ മൊബൈലില്‍ നിന്നും സുനി നാദിര്‍ഷയെ മൂന്നുതവണ വിളിച്ചു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ചതായി ജിന്‍സണ്‍ പൊലീസിനെ അറിയിച്ചിരുന്നു. ‘ലക്ഷ്യയില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപിനും നാദിര്‍ഷക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു. ദിലീപ് നാദിര്‍ഷ എന്നിവരുമായി പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിച്ച് ഉറപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.