കേളകം(കണ്ണൂര്‍): പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റുവെന്ന് ആരോപണമുള്ള ആദിവാസിയായ കോണ്‍ഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയില്‍. യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കൊട്ടിയൂര്‍ അമ്പായത്തോട് എടമന കുറിച്യ കോളനിയിലെ ബാലനെയാണ് (31) ഇന്നുരാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.

മദ്യപിച്ചെത്തിയ ഇയാള്‍ സി.പി.എം പ്രചരണ ബോര്‍ഡ് കീറിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകരും ബാലനുമായി വാക്കേറ്റം നടത്തിയിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ബാലനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

സംഭവമറിഞ്ഞ് കേളകം എസ്.ഐ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളനിയിലെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പരാതി നല്‍കിയിരുന്നുമില്ല. ഇന്ന് രാവിലെയാണ് ബാലനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ബാലന്‍ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. അക്രമമുണ്ടാകുമെന്നറിഞ്ഞ് രാത്രി ഭാര്യയെയും മക്കളെയും തൊട്ടടുത്ത തറവാട് വീട്ടിലേക്ക് ബാലന്‍ പറഞ്ഞയക്കുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം കേന്ദ്രങ്ങള്‍ പറഞ്ഞു. ശോഭയാണ് ബാലന്റെ ഭാര്യ. അപര്‍ണ, അനുപമ എന്നിവര്‍ മക്കളാണ്.