എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്ന പ്രചരണം തെറ്റ്:യെച്ചൂരി
എഡിറ്റര്‍
Friday 10th January 2014 12:45am

sitharam

കോഴിക്കോട്: സി.പി.ഐ.എം കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം സീതാറാം യെച്ചൂരി.

സി.പി.ഐ.എമ്മിന് ലഭിക്കുന്ന സംഭാവനകളില്‍ 33ശതമാനം കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന പ്രചരണം തെറ്റാണ്. ജനങ്ങളില്‍ നിന്ന് പിരിക്കുന്നതും ലെവിയുമാണ് പാര്‍ട്ടിയുടെ മൂലധനം. ടാറ്റ കമ്പനി 16 ലക്ഷം രൂപ സംഭാവനയായി നല്‍കിയത് സി.പി.ഐ.എം മടക്കി നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ചിന്ത വാരികയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച്   മാര്‍ക്‌സിസം 21ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്ക് ബദലായി ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തമായി യാതൊരു നയങ്ങളുമില്ലെന്നും പല നിലപാടുകളുടെയും കാര്യത്തില്‍ അവര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയില്ലാത്ത ഭരണമാണ് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരില്‍ അഴിമതിക്ക് കാരണമായ സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍ അവതരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുതലാളിത്തത്തിന് മനുഷ്യമോചനം ഒരിക്കലും സാധ്യമാകുകയില്ലെന്നുംമാറിയ സാഹചര്യത്തില്‍ ബദലുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും യെച്ചൂരി പറഞ്ഞു.

മാര്‍ക്‌സിസം പ്രമാണപദമല്ല.സര്‍ഗാത്മകമായ വാദഗതിയാണ്. തൊഴിലാളികളുടെ അവസ്ഥ മാറിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിസ്റ്റ് ആശയ സംഹിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.എം തോമസ് ഐസക് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചിന്ത പത്രാധിപര്‍ സി.പി നാരായണന്‍,എം.പി, കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.ദക്ഷിണാ മൂര്‍ത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement