കോട്ടയം: സി എം എസ് കോളജ് മാനേജ്‌മെന്റും എസ് എഫ് ഐയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. കോളജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്ന കരാറില്‍ മാനേജ്‌മെന്റ് ഒപ്പുവെച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞത്.

പരീക്ഷക്കുള്ള വിദ്യാര്‍ഥിയുടെ അപേക്ഷ കോളജ് പ്രിന്‍സിപ്പല്‍ സ്വീകരിച്ച് സര്‍വ്വകലാശാലക്ക് കൈമാറാനാണ് തീരുമാനം. വിദ്യാര്‍ഥിയുടെ ഹാജര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് ഇടപെട്ട് പരിഹരിക്കും.

ജസ്്റ്റിസ് കെ ടി തോമസിന്റെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം വട്ട ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാമെന്നും എന്നാല്‍ പരീക്ഷാ സമയത്ത് മാത്രമേ വിദ്യാര്‍ഥിയെ കാമ്പസില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നുമുള്ള കോളജ് അധികൃതരുടെ നിലപാട് വിദ്യാര്‍ഥികള്‍ അംഗീകരിച്ചു.

വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ടെന്നായിരുന്നു കോളജ് അധികൃതര്‍ വാദിച്ചത്. എന്നാല്‍ സിണ്ടിക്കേറ്റ് ഇടപെട്ട് ഇ്ത്തരം തടസങ്ങള്‍ ഒഴിവാക്കാമെന്ന് അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ കാലാവധി ഹാജരായി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്.