എഡിറ്റര്‍
എഡിറ്റര്‍
സര്‍ഫാസി ഇരകളുടെ സമരം സെക്രട്ടറിയേറ്റ് നടയിലേക്ക്
എഡിറ്റര്‍
Tuesday 14th February 2017 3:55pm

തിരുവനന്തപുരം: ബാങ്ക്‌വായ്പാ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തിചെയ്ത് തെരുവില്‍ തള്ളുന്നതിനെതിരെ വല്ലാര്‍പാടത്ത് നടത്തിവരുന്ന കണ്ണുതുറപ്പിക്കല്‍ സമരം 208 ദിവസം പിന്നിട്ടിട്ടും സമരസമിതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി സമരസമിതി നേതാക്കള്‍. സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഫെബ്രുവരി 21 മുതല്‍ സമരം സെക്രട്ടറിയേറ്റ് നടയില്‍ തുടരാന്‍ തീരുമാനിച്ചതായി സമരസമിതി അറിയിച്ചു.

ഇതിന്റെ മുന്നോടിയായി ഫെബ്രുവരി 16-ാം തീയതി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ 2 മണിക്ക് പ്രതിഷേധ സംഗമവും നടത്തുമെന്നും സമരസമിതി അറിയിക്കുന്നു.

മൂന്നും അഞ്ചും സെന്റ് ഭൂമിമാത്രമുള്ള ദരിദ്ര-ദലിത് കുടുംബങ്ങള്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന ലോണ്‍ മാഫിയ ഭീമമായ തുക വായ്പയായെടുത്ത് തിരിച്ചടക്കാതിരിക്കുകയും യഥാര്‍ത്ഥത്തില്‍ വായ്പ കൈപ്പറ്റാത്ത നിരപരാധികള്‍ക്കെതിരെ ബാങ്ക് സര്‍ഫാസി നടപടികള്‍ സ്വീകരിച്ച് അന്യായമായി കിടപ്പാടം ജപ്തിചെയ്യുന്നതിനെതിരെ മൂന്നവര്‍ഷമായി സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമരസമിതിയുടെ മുന്‍കൈയ്യില്‍ സമരം നടത്തിവരികയാണ്.

വായ്പാതട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെയും പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് ജപ്തി നടപടികള്‍ തടഞ്ഞുകൊണ്ട് കളക്ടറുടെ അദ്ധ്യക്ഷതയില്‍ സ്‌ക്രീനിംഗ് കമ്മിറ്റിയും രൂപീകരിക്കാനുള്ള ഉത്തരവുകള്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ആദ്യഘട്ട സമരം സമരസമിതി പിന്‍വലിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഗവണ്‍മെന്റ് ഓര്‍ഡര്‍ ആക്കാതെ സമരസമിതിയെ വഞ്ചിച്ചതിനെതുടര്‍ന്നാണ് അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിന് അനിശ്ചിത കാല സമരം ആരംഭിച്ചതെന്ന് സമരസമിതിക്കാര്‍ പറയുന്നു.

എല്‍.ഡി.എഫ്‌സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രശ്‌നപരിഹാരത്തിനായി കടബാധ്യത ഒഴിവാക്കി കിടപ്പാടത്തിന്റെ ആധാരം തിരികെ നല്‍കുന്നതിനുള്ള സമഗ്രമായ ഒരു പാക്കേജ് കൊണ്ടു വരുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

പത്തും പന്ത്രണ്ടും വായ്പാതട്ടിപ്പുകള്‍ നടത്തിയ ലോനന്‍ ബാബുവിനെയും ഇബ്രഹിം പളളിത്തറയെയും കുറ്റവിചാരണ നടത്താന്‍ എട്ടു വര്‍ഷം പിന്നിട്ടിട്ടും പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. രണ്ടു പേര്‍ ആത്മഹത്യ ചെയ്യുകയും, 4 പേര്‍ ജപ്തിഭീഷണിയെത്തുടര്‍ന്ന അകാലത്തില്‍ മരണമടയുകയും, വേറെ നാല് കുടുംബങ്ങളെ ജപ്തി ചെയ്ത് തെരുവിലിറക്കി വിടുകയും, മറ്റു കുടുംബങ്ങല്‍ ഏതു നിമിഷവും തെരുവിലെറിയപ്പെട്ടേക്കാവുന്ന ഭീഷണിയിലും കഴിയുമ്പോള്‍ കുറ്റവാളികള്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും ഇവര്‍ പറയുന്നു.

ബാങ്ക് വായ്പാതട്ടിപ്പിനിരയായ ദരിദ്ര,ദലിത് കുടുംബങ്ങലുടെ നീതിപൂര്‍വ്വകമായ സമരം തീര്‍പ്പാക്കുന്ന കാര്യത്തില്‍ അധികാരികള്‍ തുടരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ട് ഫെബ്രുവരി 16 ന് നടത്തുന്ന പ്രതിഷേധ സംഗമം പ്രൊഫ.കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍ എം.എല്‍.എ, പി.രാജീവ്, പി.രാജു, ഹൈബി ഈഡന്‍ എം.എല്‍.എ, അഡ്വ.പി.എ പൗരന്‍ തുടങ്ങി നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വായ്പാതട്ടിപ്പിനിരയായി ബാങ്ക് ജപ്തി നടപടിക്ക് വന്നതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം തളര്‍ന്നുവീണ് കാഴ്ച നഷ്ടപ്പെട്ട പുതുവൈപ്പിലെ ചന്ദ്രമതിയെന്ന ദലിത് മുത്തശ്ശി നിരാഹാരമിരിക്കുമെന്നും ബാങ്ക് വായ്പാ തട്ടിപ്പില്‍പ്പെട്ട സര്‍പാസി ഇരകളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

Advertisement