കൊല്‍ക്കോത്ത: സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു ദിവസത്തിനുള്ളില്‍ 26 കുട്ടികള്‍ മരിച്ചു. പശ്ചിമബംഗാളിലെ ബഹ്‌റാംപൂര്‍ ജില്ലാ ആശുപത്രിയില്‍ 16 കുട്ടികളും ജാംഗിപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ 10 കുട്ടികളുമാണ് മരിച്ചത്. ശ്വസന സംബന്ധമായ അസുഖം മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷാജഹാന്‍ സിറാജ് പറഞ്ഞു.

കൊല്‍ക്കോത്തയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 29, 30 തിയതികളിലായി രണ്ട് ദിവസത്തിനുള്ളില്‍ കൊല്‍ക്കോത്തയിലെ ബി.സി റോയ് മെമ്മോറിയല്‍ ആശുപത്രിയില്‍ 18 കുട്ടികള്‍ മരിച്ചത് വന്‍ വിവാദമായിരുന്നു.