അമൃത്‌സര്‍: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കാന്‍ സഹോദരി ദല്‍ബീര്‍ കൗറിന് ലാഹോര്‍ ഹൈക്കോടതി അനുമതി നല്‍കി. കഴിഞ്ഞ ഒന്‍പത് ദിവസമായി ലാഹോറില്‍ കഴിയുന്ന ദല്‍ബീര്‍ കൗറിന് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദല്‍ബീര്‍ കോടതിയെ സമീപിച്ചത്.

1990 ലെ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സരബ്ജിത് സിംഗിന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ചത്. കോട്ട് ലഖ്പത് സെന്‍ട്രല്‍ ജയിലിലാണ് സരബ്ജിത് സിംഗ്. നാളെ ജയിലിലെത്തി ദല്‍ബീര്‍ കൗര്‍ സറബ്ജിത് സിംഗിനെ കാണും. ചീഫ് ജസ്റ്റിസ് ഇജാസ് ചൗധരിയാണ് ഹര്‍ജി പരിഗണിച്ചത്.

ജൂണ്‍ ആറിനാണ് സരബ്ജിത്ത് സിംഗിനെ മോചിപ്പിക്കണമെന്നാവശ്യം ഉയര്‍ത്തി പാക്‌സര്‍ക്കാരിനെ കാണാനായി കൗര്‍ ലാഹോറിലെത്തിയത്.