saeed-rw

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. ലാഹോറിലെ ജോഹര്‍ ടൗണിലെ ഹാഫിസിന്റെ വീടിന് പുറത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ടെന്നും പാക് ചാനലായ ജിയോ ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ജമാത്ത് ഉദ്ദഅ്‌വ മേധാവി കൂടിയായ സഈദിന് ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന് ചില നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പാകിസ്ഥാന്‍ പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇത് രണ്ടാം തവണയാണ് സഈദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കുന്നത്. നേരത്തെ വീട്ടു തടങ്കലിലാക്കിയെങ്കിലും മതിയായ കാരണമില്ലെന്ന് കോടിത വെറുതെ വിടുകയായിരുന്നു.

സഈദിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യയുടെ ഏറെകാലത്തെ ആവശ്യമായിരുന്നു. അറസ്റ്റിന് മതിയായ തെളിവില്ലെന്നായിരുന്നു ഇത്രയും കാലം പാകിസ്ഥാന്‍ പറഞ്ഞത്.

എന്നാല്‍, സെഈദിന്റെ വീട്ടുതടങ്കലിലാക്കി പാകിസ്ഥാന്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച സകല തെളിവുകളും പാകിസ്താന്റെ പക്കലുള്ള സ്ഥിതിക്ക് ഈ കേസില്‍ സഈദിനെ ചോദ്യം ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു.