കൊല്‍ക്കൊത്ത: വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരിക്കെ പാര്‍ലിമെന്റിലും നിയമനിര്‍മ്മാണ സഭകളിലും തങ്ങള്‍ക്കും സംവരണം വേണമെന്നാവശ്യപ്പെട്ട് ഹിജഡകള്‍ രംഗത്ത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലും സംവരണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

‘ ഞങ്ങള്‍ക്ക് പാര്‍ലിമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും സംവരണം വേണം. ലിംഗമാറ്റം ചെയ്യപ്പെട്ടതിന്റെ പേരില്‍ ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. ജനം മോശമായി ഞങ്ങളോട് പെരുമാറുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം വേണം’. കൊല്‍ക്കൊത്തയിലെ സുജോയ് ദേബാനന്ദ് എന്ന സൂസന്‍ വ്യക്തമാക്കി. ഞങ്ങള്‍ ആശുപത്രിയില്‍ ചെന്നാല്‍ അധികൃതര്‍ ആശങ്കപ്പെടുകയാണ്. ഞങ്ങളെ പുരുഷ വാര്‍ഡുകളിലാണോ സ്ത്രീ വാര്‍ഡുകളിലാണോ പ്രവേശിപ്പിക്കേണ്ടതെന്ന ആശങ്കയായിരിക്കുമവര്‍ക്ക്്. ‘സംവരണം ഏര്‍പ്പെടുത്തുന്നത് ഞങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കും. പാര്‍ലിമെന്റിലെ സംവരണത്തിനൊപ്പം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ഞങ്ങള്‍ക്ക് സംവരണം വേണം’-സൂസന്‍ വ്യക്തമാക്കി.

‘ ലൈംഗിക തൊഴിലാളികള്‍ക്കും ലിംഗമാറ്റം ചെയ്തവര്‍ക്കും സംവരണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം’-ലൈംഗിക തൊഴിലാളിയായ രേഖ വ്യക്തമാക്കി.

ഇവരില്‍ കൂടുതല്‍ പേരും മോശം സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്ന് എത്തുന്നവരാണ്. അതിനാല്‍ ആ നിലക്കും അവര്‍ സംവരണം അര്‍ഹിക്കുന്നുണ്ട്- ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ മനസ് ബംഗ്ലയുടെ തലവന്‍ സന്‍ജിബ് ചക്രബര്‍ത്തി വ്യക്തമാക്കി.