Administrator
Administrator
വോട്ടിന് നോട്ട്:പണം പ്രദര്‍ശിപ്പിച്ചെതിന് പിന്നില്‍ അദ്വാനിയെന്ന് ജസ്വന്ത്
Administrator
Saturday 29th August 2009 2:09pm

advani-rwന്യൂഡല്‍ഹി: ബി.ജെ.പിക്കും അദ്വാനിക്കുമെതിരെ ജസ്വന്ത് സിങിന്റെ വെളിപ്പെടുത്തല്‍ തുടരുന്നു. കഴിഞ്ഞ ജൂലൈയില്‍ വിശ്വാസവോട്ടെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സുകാര്‍ വോട്ടിന് നല്‍കിയ കോഴപണവുമായി ലോക്‌സഭയിലേക്ക് പോകുവാന്‍ എം.പിമാരോട് ഉപദേശിച്ചതിന് പിറകില്‍ അദ്വാനിയാണെന്ന ആരോപണമാണു ജസ്വന്ത് ഒടുവില്‍ ഉന്നയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിമോഹത്തില്‍ ആവേശിതനായ അഡ്വാനി നിരന്തരം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. വോട്ടിന് കോഴ സംഭവവുമായി ബന്ധപ്പെട്ടു ലോക്‌സഭയിലുണ്ടായ വിവാദം ഇതിനു മികച്ച ഉദാഹരണമാണ്. വോട്ടിന് കോഴ നടകത്തിന്റെ കേന്ദ്രം അഡ്വാനിയായിരുന്നു- ഔട്ട്‌ലുക്ക് മാഗസിനനുവദിച്ച അഭിമുഖത്തില്‍ ജസ്വന്ത് വെളിപ്പെടുത്തി.

പണവുമായി പാര്‍ലമെന്റിലേക്ക് പോവണമെന്ന എം.പി മാരോടുള്ള അദ്വാനിയുടെ നിര്‍ദേശം തന്നെ അമ്പരപ്പിച്ചു. പണം സ്പീക്കറുടെ കൈയില്‍ കൊടുക്കാന്‍ എം.പിമാര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, പണം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കാനാണ് അഡ്വാനി ആവശ്യപ്പെട്ടത്.പ്രതിസന്ധിഘട്ടങ്ങളില്‍ മിണ്ടാതിരിക്കുകയോ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയോ ചെയ്യുന്നതില്‍ അഡ്വാനി മിടുക്കനാണ്. ഇത് നല്ല നേതാവിന്റെ ലക്ഷണമല്ല. ബി.ജെ.പിക്ക് അധികകാലം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി നിലനില്‍ക്കാന്‍ കഴിയില്ല. ഇതൊരു വ്യക്തികേന്ദ്രീകൃത സംഘമായിക്കഴിഞ്ഞു. ഒരു കൂട്ടുകച്ചവടസംഘമായി ബി.ജെ.പി അധപ്പതിച്ചിരിക്കുന്നു. അദ്വാനിയുടെ നേതൃത്വത്തിനു കീഴില്‍ 116 ബി. ജെ.പി എം.പിമാര്‍ അനാഥരായിരിക്കയാണ്. വെറുമൊരു പ്രാദേശികനേതാവായ രാജ്‌നാഥ് സിങ്ങിനെ പാര്‍ട്ടി അധ്യക്ഷനാക്കിയതും അബദ്ധമായി – ജസ്വന്ത് ചൂണ്ടിക്കാട്ടി.

ഇന്ത്യ പാകിസ്താനിലേക്കുള്ള വിമാനയാത്ര നിരോധിച്ചതും ഓപറേഷന്‍ പരാക്രമില്‍ പങ്കെടുക്കാന്‍ സേനയെ അയച്ചതും തന്റെ അസാന്നിധ്യത്തിലായിരുന്നു. ബംഗ്ലാദേശിലേക്കു പറഞ്ഞയച്ച ഇന്ത്യന്‍ സൈനികര്‍ പരിക്കേറ്റു തിരിച്ചുവരുന്ന ദൃശ്യങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചു. ആരാണു സൈന്യത്തെ ബംഗ്ലാദേശിലേക്കയക്കാന്‍ ഉത്തരവിട്ടതെന്നറിയില്ല- ജസ്വന്ത് പറഞ്ഞു.

രാവിലെ ഒരു മനസ്സും വൈകീട്ട് മറ്റൊരു മനസ്സുമുള്ള വ്യക്തിയാണ് അഡ്വാനി. അദ്ദേഹമെടുത്ത തീരുമാനങ്ങളിലെല്ലാം ഈ വൈരുധ്യം കാണാം.ബി.ജെ.പിയില്‍ നിന്നു പുറത്താക്കിയ ശേഷം അടല്‍ ബിഹാരി വാജ്‌പേയിയെ കണ്ട കാര്യവും ജസ്വന്ത് പരാമര്‍ശിച്ചു.താങ്കളുടെ അനുഗ്രഹം വാങ്ങാനാണു താന്‍ വന്നതെന്ന് അറിയിച്ചപ്പോള്‍ ബി.ജെ.പിയില്‍ എന്തു സംഭവിച്ചുവെന്നായിരുന്നു വാജ്‌പേയിയുടെ പ്രതികരണം- അദ്ദേഹം വ്യക്തമാക്കി.

കാണ്ഡഹാറിലേക്ക് താവ്രവാദികളെ കൈമാറാന്‍ താന്‍ പോയത് അദ്വാനിക്ക് അറിയാമായിരുന്നെന്ന് നേരത്തെ ജസ്വന്ത് വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപ സമയത്ത് വാജ്‌പേയി രാജിക്കൊരുങ്ങിയതും മോഡിക്കെതിരെ നടപടിക്കൊരുങ്ങിയതും വെളിപ്പെടുത്തിയതും ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.

Advertisement