Administrator
Administrator
വൈ.എസ്.ആര്‍ കൊല്ലപ്പെട്ടു
Administrator
Thursday 3rd September 2009 10:59am

ys-rajashekhara-reddy-deat

ഹൈദരാബാദ്: കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡി (60) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ മുതല്‍ കാണാതായ ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കര്‍ണൂലില്‍ നിന്ന് 49 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള നല്ലമല വനത്തിലെ കുന്നിന്‍മുകളില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈ.എസ്.ആറിനെ കൂടാതെ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. സുബ്രമണ്യം, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എ.എസ്.സി. വെസ്‌ലി, രണ്ടു പൈലറ്റുമാര്‍ എന്നിവരും മരിച്ചു. അഞ്ചു മൃതദേഹങ്ങളും ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിന്ന് വ്യോമസേനയുടെ കമാന്‍ഡോകള്‍ ഇന്നു കാലത്ത് പതിനൊന്ന് മണിയോടെ കണ്ടെടുത്തു.

ചിറ്റൂരിലെ ഗ്രാമപ്രദേശങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനാണ് ഹെദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം യാത്ര പുറപ്പെട്ടത്. ബെല്ലിന്റെ ഹെലികോപ്റ്ററില്‍ യാത്രതിരിച്ച രാജശേഖരറെഡ്ഡിയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. രാവിലെ പത്തരയായിട്ടും ചിറ്റൂരിലെത്താത്തിനെ തുടര്‍ന്നാണ് പരിഭ്രാന്തി പരന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കര്‍ണൂലില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഹെലികോപ്റ്റര്‍ സംബന്ധിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ശക്തമായ തിരച്ചില്‍ നടത്തുകയായിരുന്നു.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് റെഡ്ഡിയുടെ ഹെലികോപ്റ്റര്‍ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയിലുള്ള കുന്നിന്‍മുകളില്‍ വ്യോമസേനയുടെ തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് സേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സംഭവസ്ഥലത്തേയ്ക്ക് തിരിക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന കമാന്‍ഡോകളാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Advertisement