Categories

വീണ്ടും ബോള്‍­ട്ട്; 200 മീ­റ്റ­റിലും റെ­ക്കോര്‍ഡ്

bolt-rwബര്‍ലിന്‍: 100 മീ­റ്റ­റി­ന്റെ വേ­ഗ­രാ­ജ­കു­മാ­ര­ന് 200 മീ­റ്റ­റിലും ലോ­ക റെ­ക്കോര്‍ഡ്. ജമൈക്കയു­ടെ യുസൈന്‍ ബോള്‍ട്ട് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ 200 മീ­റ്റ­ര്‍ 19.19 സെ­ക്കന്റില്‍ ഓ­ടി­ത്തീര്‍ത്തു. 19.30 സെക്കന്റ് എന്ന തന്റെ തന്നെ റെക്കോര്‍ഡാ­ണു ബോള്‍ട്ട് പഴങ്കഥയാക്കിയത്. 19.81 സെക്കന്റില്‍ അലെന്‍സോ എഡ്വേര്‍ഡ് വെള്ളി നേടി. കഴിഞ്ഞ ദിവസം 100 മീറ്ററിലും ബോള്‍ട്ട് റെക്കോര്‍ഡ് ഇട്ടിരുന്നു.

നൂറുമീറ്ററില്‍ അമേരിക്കക്കാരന്‍ ടൈസണ്‍ ഗേയും നാട്ടുകാരനും മുന്‍ലോകറെ­ക്കോര്‍ഡിനുടമയുമായ അസാഫ പവലിന്റെയും ശക്തമായ വെല്ലുവിളി ബോള്‍ട്ടിനുണ്ടായിരുന്നെങ്കില്‍ 200 മീറ്ററില്‍ സ്ഥിതി നേരെ മറിച്ചായിരുന്നു. ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ച ഇരട്ട ലോകചാമ്പ്യന്‍ ടൈസണ്‍ ഗേ പരിക്കുമൂലം പിന്മാറിയപ്പോള്‍ പോരാട്ടമില്ലാതെ തന്നെ ബോള്‍ട്ട് ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ കരുത്തരായ എതിരാളികളുടെ അഭാവത്തിലും തന്റെ പ്രകടനമികവിന് കുറവൊന്നുമില്ലെന്ന് തെളിയിച്ചാണ് ബോള്‍ട്ട് കിരീടം ചൂടി­യത്.

ബെയ്ജിങ്ങില്‍ മൂന്ന് ഇനങ്ങളില്‍ ലോകറെ­ക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്ന ബോള്‍ട്ടിന് ആ നേട്ടം ഒരിക്കല്‍കൂടി ആവര്‍ത്തിക്കാന്‍ ബര്‍ലിനിലും അവസരമൊരുങ്ങിയിരിക്കയാണ്. ജമൈക്കയു­ടെ 4×100 മീറ്റര്‍ റിലേ ടീമിലും ബോള്‍ട്ട് അംഗമാണ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ചാമ്പ്യന്‍ ജമൈക്കയുടെ മെലാനി വാക്കര്‍ സ്വര്‍ണം നിലനിര്‍ത്തി. 52.42 സെക്കന്‍ഡില്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെ വാക്കര്‍ ഒന്നാമതെത്തിയപ്പോള്‍ അമേരിക്കയുടെ ലഷിന്‍ഡ് ഡെമുസ് വെള്ളിയും ട്രിനിഡാഡിന്റെ ജോസന്നെ ലുക്കാസ് വെങ്കലവും കരസ്ഥമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.