Categories

വി.എസിന് സീറ്റ് നിഷേധിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ.എം തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം സംസ്ഥാന സമതി അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ നയിക്കും. പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും വി.എസ് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും ഭൂരിപക്ഷ അഭിപ്രായം മറിച്ചായിരുന്നു. തുടര്‍ന്നാണ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടാക്കുന്ന തീരുമാനം സി.പി.ഐ.എം എടുത്തത്.

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഏഴ് പേരാണ് മത്സരത്തിനുണ്ടാവുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പി.ബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍, എ.കെ ബാലന്‍, പി.കെ ഗുരുദാസന്‍, എം.എ ബേബി, എം.സി ജോസഫൈന്‍, ഇ.പി ജയരാജന്‍, തോമസ് ഐസക്ക് എന്നിവരാണ് മത്സരിക്കുന്ന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.

സംസ്ഥാന സെക്രട്ടറേയേറ്റില്‍ വി.എസ് തന്റെ നിലപാട് വിശദീകരിച്ചുവെങ്കിലും പാര്‍ട്ടി അത് അംഗീകരിച്ചില്ല. പാര്‍ട്ടി അച്ചടക്കത്തെ താന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് വി.എസ് യോഗത്തില്‍ വ്യക്തമാക്കി. തന്റെ നിലപാടുകളെ എതിര്‍ക്കുകയാണ് പാര്‍ട്ടി ചെയ്തത്. എന്നാല്‍ അതൊക്കെ മുന്നണിക്ക് ഗുണകരമാവുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പാര്‍ട്ടിയുടെ പിന്തുണ എനിക്ക് ലഭിച്ചത്. പാര്‍ട്ടി എന്ത് തീരുമാനവും എടുത്താല്‍ അത് അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ വി.എസ് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും യോഗത്തില്‍ പറഞ്ഞില്ല.

തുടര്‍ന്ന് സംസാരിച്ച കോടിയേരി ബാലകൃഷ്ണന്‍ പിണറായി മത്സരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പിണറായി മുന്നണിയെ കോടിയേരി നയിക്കട്ടെയെന്ന് വ്യക്തമാക്കി. പിണറായിയുടെ ഈ നിര്‍ദേശത്തിന് യോഗത്തില്‍ അംഗീകാരം ലഭിക്കുകയായിരുന്നു. നാല് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ മാത്രമാണ് വി.എസിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എം.വി ഗോവിന്ദന്‍മാസ്റ്റര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് വി.എസിന് അനുകൂലമായി യോഗത്തില്‍ സംസാരിച്ചത്.

മാര്‍ച്ച് എട്ടിന് ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് ധാരണയായിരുന്നു. എന്നാല്‍ അന്ന് അന്തിമ തീരുമാനമെടുത്താതെ സംസ്ഥാന സമിതിക്ക് വിടുകയും അവര്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായത്തിന് വേണ്ടി വിടുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം നേരത്തെ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പാര്‍ട്ടി അച്ചടക്കത്തിന് പ്രാധാന്യം നല്‍കുന്ന തീരുമാനമാണ് സി.പി.ഐ.എം കൈക്കൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടി ഔദ്യോഗിക നിലപാടുകളോട് ശക്തമായി കലഹിച്ച വി.എസിനെ അടുത്ത തവണ പരിഗണിക്കേണ്ടെന്ന ഉറച്ച് തീരുമാനമായിരുന്നു സി.പി.ഐ.എമ്മിന് നേരത്തെ തന്നെയുണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യം വീണ്ടും വി.എസ് കേന്ദ്രബിന്ദുവാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

വി.എസിനെ മുന്നില്‍ നിര്‍ത്തിയാല്‍ വീണ്ടും അധികാരത്തിലേറാമെന്ന സാഹചര്യം വരെയുണ്ടായിട്ടും അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള തീരുമാനം വ്യക്തമായ ആലോചനയോടെയുള്ളതാണ്. വി.എസിന്റെ നേതൃത്വത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കുമെന്ന് ഔദ്യോഗിക പക്ഷം കണക്കുട്ടുന്നുണ്ട്.

ഭരണം വേണോ പാര്‍ട്ടി നിയന്ത്രണം വേണോയെന്ന ചോദ്യത്തിന് മുന്നില്‍ പാര്‍ട്ടി നിയന്ത്രണം മതിയെന്ന നിലപാടിലേക്ക് സി.പി.ഐ.എം ഔദ്യോഗിക പക്ഷം എത്തിയിരിക്കയാണ്.

പ്രചാരണത്തിന് വി.എസ് ഇല്ല
തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ വി.എസ് നടത്തിയെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് രീതിയില്‍. പ്രായാധിക്യം കാരണം താന്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും എന്നാല്‍ 140 മണ്ഡലങ്ങളിലും പ്രചാരണത്തിനുണ്ടാവുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് വി.എസ് കേന്ദ്രങ്ങള്‍ നിഷേധിക്കുകയായിരുന്നു.

തന്നെ മത്സരിപ്പിക്കാതിരിക്കാന്‍ ആനാരോഗ്യമാണ് ചിലര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രചാരണത്തില്‍ സജീവമാകാന്‍ തനിക്ക് കഴിയില്ലെന്നാണ് വി.എസ് സംസ്ഥാന സമിതിയില്‍ പറഞ്ഞതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. നേരത്തെ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കമായാണ് വി.എസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

പ്രചാരണത്തിന് വി.എസ് ഇല്ലെന്ന് വ്യക്തമാക്കിയതോടെ പാര്‍ട്ടി തീരുമാനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ് വി.എസ് അച്യുതാനന്ദന്‍. കീഴടങ്ങലിന്റെ രാഷ്ട്രീയമല്ല താന്‍ മുന്നോട്ട് വെക്കുന്നതെന്ന വ്യക്തമായ സൂചനയാണ് വി.എസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.

4 Responses to “വി.എസിന് സീറ്റ് നിഷേധിച്ചു”

  1. MUSI

    പാര്‍ടിയാണ് വ്യക്തികലെക്കള്‍ വലുതെന്ന വ്യക്തമായ സന്തെശമാണ് ഇതിലൂടെ സിപിഎം നല്‍കുന്നത്

  2. Gopakumar N.Kurup

    പാര്‍ട്ടിയെക്കാള്‍ വലുതാണു ചില വ്യക്തികളുടെ താത്പര്യം എന്നതാണു ഇതിലൂടെ വെളിവായിരിക്കുന്നത് എന്നതാണു യാഥാര്‍ത്ഥ്യം..!! പാര്‍ട്ടിയാണു വലുതെങ്കില്‍ എന്തിനാണു കഴിഞ്ഞ വര്‍ഷം ഒരു സീറ്റിനു വേണ്ടീ പി.ഡി.പിയുമായി ഒത്തു ചേര്‍ന്നത്..??? വ്യത്യാസമുണ്ട് സഖാക്കളേ..!! അച്യുതാനന്ദന്‍ എന്ന ഒരു വ്യക്തിയെക്കാള്‍ അദ്ദേഹം മുന്നോട്ട് വച്ച ഏത് ആശയത്തോടാണു എതിര്‍പ്പെന്ന് വ്യക്തമാക്കാന്‍ നേതൃത്വം തയ്യാറാകണം..!! ലോട്ടറിക്കേസിലുള്ള എതിര്‍പ്പാണോ..? സാന്റിയാഗോ മാര്‍ട്ടിന്റെ കൈയില്‍ നിന്നും പണം വാങ്ങിയ ജയരാജന്‍ ഇപ്പോളും പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ വഹിക്കുന്നുണ്ട് എന്നത് മറന്നു കൂടാ..!! പി.ശശിയെന്ന പെണ്ണുപിടിയന്‍ ഇപ്പോളും പാര്‍ട്ടി അംഗം തന്നെയാണു..!! അയാളെ പുറത്താക്കാനുള്ള ചങ്കൂറ്റം പാര്‍ടി കാണിക്കാത്തതെന്താണു..?? ഇതെല്ലാം തെളിയിക്കുന്നത് പാര്‍ട്ടിയെന്നാല്‍ ചില വ്യക്തികളുടെ തീരുമാനമാണു എന്നാണു..!! ആ വ്യക്തികളാണോ പാര്‍ട്ടി..?? ആ വ്യക്തികളാണോ പതിറ്റാണ്ടുകളുടെ പോരാട്ടത്തിന്റെ ഫലമായി കെട്ടിപ്പൊക്കപ്പെട്ട ഈ പാര്‍ട്ടിയുടെ നിലപാടുകള്‍ നിശ്ചയിക്കേണ്ടത്..?? തങ്ങള്‍ക്കിഷ്ടപ്പെട്ട ആളുകളെ കുത്തിത്തിരുകി കമ്മിറ്റികള്‍ ഉണ്ടാക്കിയെടുത്ത് അവര്‍ പറയുന്നതാണു ശരി എന്നു മാലോകരെ വിശ്വസിപ്പിക്കുന്നതാണോ അച്ചടക്കം..??

  3. Gopakumar N.Kurup

    എന്റെ ചോദ്യങ്ങള്‍ വളരെ നിസ്സാരങ്ങളാണു
    1) പാര്‍ലിമെന്ററി രംഗത്തെക്കാള്‍ വലുതാണു സംഘടനയെങ്കില്‍ പി.ഡി.പിയുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് എന്തു സംഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിലാണു..??
    2) പാര്‍ട്ടിയുടെ മൂല്യങ്ങളെ ബലി കഴിച്ച് സാന്റിയാഗോ മാര്‍ട്ടിന്റെ കൈയില്‍ നിന്നും പണം വാങ്ങിയ ജയരാജന്റെ ഇപ്പോളത്തെ സ്ഥാനമെന്താണു..? പാര്‍ട്ടിയെ അപമാനിച്ചയാള്‍ ഇപ്പോളും നേതൃനിരയില്‍ തുടരുന്നത് ഏതു സംഘടനാ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണു..??
    3) പിണറായി വിജയന്റെ മകന് വിദേശത്തു പോയി പഠിക്കാനുള്ള പണം ലഭ്യമായത് ഏതു വഴിയാണു..?? പാര്‍ട്ടി സെക്രെട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആ സംഭവത്തെ ന്യായീകരിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞോ..?? സംഘടനയെ ഒട്ടാകെ അപമാനിച്ച സംഭവവികാസമല്ലേ അത്..??
    4) ഫാരിസ് അബൂബക്കറും പാര്‍ട്ടിയും തമ്മില്‍ എന്താണു ബന്ധം..?? ഫാരിസിനെ വെള്ള പൂശേണ്ട അവസ്ഥ പാര്‍ട്ടിക്കും പാര്‍ട്ടി ചാനലായ കൈരളിക്കും വന്നു ചേര്‍ന്നതെങ്ങിനെ..?? കേരളാ മുഖ്യമന്ത്രിയും പി.ബി. അംഗവുമായിരുന്ന ഒരാളിന്റെ വാക്കിനെക്കാള്‍ മഹത്വം ഫാരിസില്‍ ദര്‍ശിച്ചതിന്റെ ഉത്തരവാദികള്‍ക്കെതിരേ എന്തു നടപടിയാണു സംഘടന കൈക്കൊണ്ടത്..??
    5) പി.ശശിക്കെതിരെ തീര്‍ത്തും ലഘുവായ നടപടി കൈക്കൊണ്ടതെന്താണു..?? സംഘടനയെ അപമാനിക്കുന്നതിനു തുല്യമല്ലേ ഈ സംഭവം..!! സി.കെ.പിയ്ക്ക് ഇനി സ്ഥാനാര്‍ത്ഥിത്വമില്ല എന്നതിലൂടെ എന്തു സന്ദേശമാണു പാര്‍ട്ടി അണികള്‍ക്കു നല്‍കുന്നത്..??
    6) അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സംസ്ഥാന സെക്രെട്ടറിക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ പുറത്തിറങ്ങി അഴിമതിയെക്കുറിച്ച് വാചാലരാകാന്‍ പാര്‍ട്ടിക്കാര്‍ക്കു കഴിയുമോ..??
    ചുരുക്കത്തില്‍ പാര്‍ട്ടിയ്ക്ക് പുറത്തു പോകേണ്ടവരാണു നേതൃത്വ നിരയില്‍ ഇരിക്കുന്നതെന്നു കാണാം..!!

  4. mohan

    കാര്യങ്ങള്‍ ഇത്രത്തോളം വ്യക്തമായിട്ടും പാര്‍ടിയില്‍ വിശ്വസിക്കുന്നവരെ ഇനി എന്ത് പേരിട്ടു വിളിക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.