ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിക്ക് വേണ്ടി തിരച്ചില്‍ നടത്തിയത് അത്യാധുനിക യുദ്ധ വിമാനങ്ങളാണെങ്കിലും തകര്‍ന്ന ഹെലികോപ്റ്ററിനെക്കുറിച്ച് വിവരം നല്‍കാന്‍ സഹായിച്ചത് ഒരു തുണ്ട് കടലാസും സോപ്പും. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ നല്ലമല വനത്തില്‍ തിരച്ചില്‍ നടത്തവെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ കണ്ടെത്തിയ വിവരം സൈന്യം ഹെലികോപ്റ്ററില്‍ നിന്നും തുണ്ട് കടലാസില്‍ കുറിച്ച്, സോപ്പില്‍ പൊതിഞ്ഞ് താഴേക്കിടുകയായിരുന്നു.

ഈ കടലാസ് കണ്ടാണ് താഴെ തിരച്ചില്‍ നടത്തുന്ന സൈനിക ഓഫീസര്‍മാരും ജനങ്ങളും ഹെലികോപ്റ്റര്‍ കണ്ടെത്തിയ വിവരമറിയുന്നത്. കീറിപ്പറിഞ്ഞ് ചളിയില്‍ കുളിച്ച നിലയിലായിരുന്നു കടലാസ്. ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക സംവിധാനങ്ങളും സുഖോയ് യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍.