കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ പദ്ധതി മൂന്നുമാസത്തിനകം കമ്മീഷന്‍ ചെയ്യുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍. ഡ്രജിങ് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ഉദ്ഘാടനം വൈകാന്‍ കാരണമായതെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖരന്‍ അറിയിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചു ജോലികള്‍ വിലയിരുത്തിയ ശേഷമായിരുന്നു ഇരുവരുടേയും പ്രതികരണം.

ഭൂരിഭാഗം ഡ്രജിങ്ങും പൂര്‍ത്തിയായെങ്കിലും ബര്‍ത്തിനു മുന്നിലുള്ള പ്രധാന ഡ്രജിങ് പൂര്‍ത്തിയായിട്ടില്ല. മെയ്യില്‍ ഡ്രജിങ് തുടങ്ങിയ ഇവിടെ 16 മീറ്റര്‍ ആഴത്തില്‍ കുഴിക്കേണ്ടതുണ്ട്. ഈ ഭാഗത്തെ കടുപ്പവും ഒഴിയാതെ നില്‍ക്കുന്ന മഴയുമാണു ഡ്രജിങ്ങിനു വിഘാതമാവുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഡ്രജിങ് പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെങ്കിലും വേണ്ടിവരുമെന്നും അറിയിച്ചു.