ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനായി  വന്‍ സജീകരണങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക വസതിയില്‍ നിന്ന് സഫ്ദര്‍ജംഗ് വിമാനത്താവളം വരെ ഭൂഗര്‍ഭ പാത നിര്‍മ്മിക്കാനാണ്  സര്‍ക്കാര്‍ ആലോചിക്കുന്നത്‍. ഇത്തരം ഒരു പാതയുടെ നിര്‍മ്മാണത്തിനായി പറയുന്ന കാര്യങ്ങള്‍ വെറും സുരക്ഷ മാത്രമല്ല. ഭൂഗര്‍ഭ പാത ഒരുക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ യാത്രാ സമയത്ത് ഡല്‍ഹിപോലുളള നഗരത്തില്‍ ഉണ്ടാവുന്ന വലിയ ഗതാഗത നിയന്ത്രണം ഇല്ലാതാക്കാമെന്നും കരുതുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റേസ്കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് സഫ്ദര്‍ജംഗ് വിമാനത്താവളം. ഡല്‍ഹിക്ക് അടുത്തുള്ള സന്ദര്‍ശനങ്ങള്‍ക്കായും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനും ഹെലികോപ്ടര്‍ സൌകര്യം ലഭിക്കാന്‍ പ്രധാനമന്ത്രി സഫ്ദര്‍ജംഗ് വിമാനത്താവളത്തെയാണ്ഇപ്പോള്‍  ആശ്രയിക്കുന്നത്. ഡെല്‍ഹിയില്‍ ഇപ്പോള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ മെട്രോട്രയിനുകളുടെ സാങ്കേതിക വിദ്യയും ഈ പാതയ്ക്കായി ഉപയോഗിക്കും.

ഇപ്പോള്‍ റോഡുമാര്‍ഗ്ഗം കെമാല്‍ അത്താതുര്‍ക്ക് റോഡ്, സഫ്ദര്‍ജംഗ് റോഡ്, ഔറംഗബാദ് മാര്‍ഗ് വഴിയാണ് പ്രധാനമന്ത്രിക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഈ സമയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വാഹനയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകുന്നുണ്ട്.ഇപ്പോള്‍ ആലോചനയിലിരിക്കുന്ന ഭൂഗര്‍ഭ പാതയെക്കുറിച്ചുള്ള പദ്ധതിയൊരുക്കുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.