ഫ്രാങ്ക്ഫര്‍ട്ട് : ഏഷ്യയുടെ യശസ്സുയര്‍ത്തി വനിതാ ഫുട്‌ബോള്‍ ലോകകപ്പ് കീരീടം ജപ്പാന് . ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ലോകഫുട്‌ബോള്‍ കിരീടം നേടുന്നത് . അമേരിക്കക്കെതിരെ ടൈ ബ്രേക്കറില്‍ 3-2നായിരുന്നു ജപ്പാന്റെ വിജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം അധികസമയത്തേക്ക് നീട്ടി. എക്‌സട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില തുടരുകയായിരുന്നു. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ ജപ്പാന്‍ മൂന്നു ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ അമേരിക്കക്ക് ഒരു പെനല്‍റ്റി ക്വിക്ക് മാത്രമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളൂ. ആദ്യമായാണ് ജപ്പാന്‍ ടീം അന്താരാഷ്ട്ര മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിക്കുന്നത് .
ഫൈനലില്‍ ശക്തമായ അമേരിക്കന്‍ ആധിപത്യം കണ്ടെങ്കിലും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. കളിയുടെ രണ്ടാം പകുതിയില്‍ അലക്‌സ് മോര്‍ഗനിലൂടെ അമേരിക്കയാണ് ആദ്യ ഗോള്‍ നേടിയത് . 81 ാം മിനിറ്റില്‍ അയ മിയാമ ജപ്പാനായി സമനില നേടി. അധികസമയത്ത് 104 ാം മിനിറ്റില്‍ അബ്ബി വാംബാച്ച് നേടിയ ഗോളിലൂടെ അമേരിക്ക വീണ്ടും മുന്നിലെത്തി. കളി തീരാന്‍ മൂന്നു മിനിറ്റു മാത്രം അവശേഷിക്കേ ജപ്പാന്‍ ക്യാപ്റ്റന്‍ ഹൊമാരേ സവ സമനില ഗോള്‍ നേടി. 32 കാരിയായ സവയാണ് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്ു . ടൂര്‍ണ്ണെമന്റിലാകെ അഞ്ച് ഗോള്‍ നേടിയ സവ ടോപ് സകോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി.