അജ്മീര്‍: ലേബര്‍ റൂമില്‍ കയറിയ തെരുവുനായ നവജാതശിശുവിനെ കടിച്ചെടുത്തുകൊണ്ടു പോയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കിഷന്‍ഗഡ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. കിഷന്‍ഗഡ് സ്വദേശിനിയായ രേഷ്മ എന്ന യുവതി പ്രസവിച്ച കുഞ്ഞുമായാണ് നായ കടന്നത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി പരിസരത്തു നിന്നു തന്നെ കണ്ടെടുത്തു.

ശനിയാഴ്ചയാണ് രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ രേഷ്മ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കുഞ്ഞു പിറന്നതിന്റെ സന്തോഷത്തില്‍ ലേബര്‍ റൂമിനു പുറത്തുനിന്നിരുന്ന ബന്ധുക്കള്‍ ആശുപത്രി ജീവനക്കാര്‍ക്കു മധുരം വാങ്ങാനായി പുറത്തേക്കുപോയി. ഇതിനിടെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ലേബര്‍ റൂമില്‍ കടന്ന തെരുവുനായ കുഞ്ഞിനെ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ലേബര്‍ റൂമില്‍ എത്തിയ നഴ്‌സാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്.

സംഭവത്തേത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയുടെ ജനല്‍ ചില്ലുകളും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. കുഞ്ഞിനെ നഷ്ടമായെന്ന വിവരം അറിഞ്ഞ രേഷ്മ അബോധാവസ്ഥയിലാണെന്നും ഇവരുടെ ആരോഗ്യനില മോശമാണെന്നുമാണ് വാര്‍ത്തകള്‍. സംഭവമറിഞ്ഞു മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.