ന്യൂദല്‍ഹി: പുതിയ ചിത്രം റഈസിന്റെ പ്രചാരണത്തിനിടയില്‍ കോലാഹലങ്ങളുണ്ടാക്കിയതിന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ കേസ്. ലഹളയുണ്ടാക്കി എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

റഈസിന്റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ നിന്ന്  ദല്‍ഹിയിലേക്ക് ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഷാരൂഖ് വണ്ടി രാജസ്ഥാനിലെ കോട്ടയിലെത്തിയപ്പോള്‍ നടന്ന സംഘര്‍ഷമാണ് കേസെടുക്കാന്‍ കാരണം. സ്‌റ്റേഷനിലെ ഭക്ഷണ കച്ചവടക്കാരനായ വിക്രം സിങ് എന്നയാളാണ് പരാതിക്കാരന്‍

സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ നിന്ന് ഷാരൂഖ് ആരാധകര്‍ക്ക് സമ്മാനങ്ങള്‍ എറിഞ്ഞു കൊടുത്തവയില്‍ ഒന്ന് തന്റെ കടയില്‍ വീണുവെന്നും ഇത് എടുക്കാനെത്തിയവര്‍ കട നശിപ്പിച്ചുവെന്നും പണം മോഷ്ടിച്ചുവെന്നും വിക്രംസിങ് പരാതി നല്‍കിയിരുന്നു. ഉന്തും തള്ളിനുമിടെ പരിക്കേറ്റ വിക്രംസിങ് ഇപ്പോള്‍ ചികിത്സയിലാണ്.

ഷാരൂഖിനെതിരെ ഐ.പി.സി 147, 149, 160, 427, 120-ബി (സെക്ഷന്‍ 3), 145, 146, റെയില്‍വേ ആക്ട്,  പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഷാരൂഖിനെ കാണാന്‍ പോകുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ഫരീദ് ഖാന്‍ പത്താന്‍ എന്ന വഡോദര സ്വദേശി മരണപ്പെട്ടിരുന്നു.