മുംബൈ: ഇന്ത്യന്‍ താരം സുരേഷ് റൈനക്ക് ഇടപാടുകാരുമായി ബന്ധമില്ലെന്ന് ബി സി സി ഐ വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ പരമ്പരക്കിടെ ഒത്തുകളിക്കാരുമായി ബന്ധമുള്ള ഒരുസ്ത്രീയുടെ കൂടെ താരത്തെ കണ്ടുവെന്ന പത്രറിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബി സി സി ഐ രംഗത്തെത്തിയത്.

ഇന്ത്യന്‍ താരത്തെക്കുറിച്ച് ‘ദ ലണ്ടന്‍ സണ്‍ഡേ ടൈംസ്’ ല്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാരഹിതമാണെന്നും വാസ്തവമല്ലെന്നും ബോര്‍ഡ് വക്താവ് രാജിവ് ശുക്ല പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടാന്‍ വന്ന സ്ത്രീയായിരുന്നു ഇവരെന്നും അതില്‍കവിഞ്ഞ ബന്ധമൊന്നും റെയ്‌നക്ക് ഇല്ലെന്നും ശുക്ല വ്യക്തമാക്കി.

സുരേഷ് റെയ്‌ന ഇടപാടുകാരുമായി ബന്ധമുള്ള സ്ത്രീയുമായി സംസാരിച്ചിരുന്നുവെന്നാണ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതേക്കുറിച്ച് ബി സി സി ഐയോട് വിശദീകരണം തേടിയെന്നും വാര്‍ത്തയുണ്ടായിരുന്നു.