ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ട്രാക്ക് നിര്‍മ്മാണത്തില്‍ ഇനി സ്വകാര്യകമ്പനികളും പങ്കാളികളാകാന്‍ പോവുന്നു. റയില്‍വേ വികസന പദ്ധതികളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായാണ് റയില്‍വേ മന്ത്രാലയം നീക്കമാരംഭിച്ചിരിക്കുന്നത്.

റയില്‍വേ വികസന പദ്ധതിയായ ‘ആര്‍ 3 ഐ’ ഭാഗമായാണ് സ്വകാര്യപങ്കാളിത്തോടെ ട്രാക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് റയില്‍വേ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. 20 കി.മീ യോ അതില്‍ കൂടുതലോ നീളമുള്ള ട്രാക്കുകള്‍ നിര്‍മ്മിക്കാനാണ് അനുമതി നല്‍കുക. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില ട്രാക്കുകള്‍ സ്വകാര്യപങ്കാളിത്തത്തോടെയാണ് നിര്‍മ്മിച്ചിട്ടുള്ളത് .

പുതിയ ട്രാക്കിനായുള്ള സ്ഥലമെടുപ്പ് റയില്‍വേ നടത്തും. ഇതിന് ചിലവാകുന്ന പണം സ്വകാര്യകമ്പനികള്‍ റയില്‍വേക്ക് നല്‍കും. ഏറ്റെടുത്ത സ്ഥലത്തിന്റെയും നിര്‍മ്മിച്ച ട്രാക്കുകളുടെയും മേല്‍നോട്ടം റയില്‍വേ മന്ത്രാലയത്തിനായിരിക്കും. നിലവില്‍ 110 ലധികം പുതിയ ട്രാക്കുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാന്‍ റയില്‍വേ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 60,000 കോടിരൂപയോളം ചിലവ് പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യമേഖലയുടേയും സഹായത്തോടെ ചെലവ് സംയുക്തമായി വഹിച്ച് പദ്ദതി നടപ്പാക്കാനാണ് റയില്‍വേയുടെ ശ്രമം.