മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയിലിന്റെ നേതൃത്വത്തിലേക്ക്
ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ മുന്‍ ഉദ്ദ്യോഗസ്ഥരെത്തുന്നു.

വാള്‍മാര്‍ട്ടിന്റെ ചൈനീസ് വിഭാഗമായ വാള്‍മാര്‍ട്ട് ചൈനയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന റോബ് സിസ്സെല്ലായും വാള്‍മാര്‍ട്ട് ചൈനയിലെ സ്‌റ്റോര്‍ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന ഷോണ്‍ ഗ്രേയുമാണ് റിലയന്‍സ് ഇന്ത്യയുടെ നേതൃത്വസ്ഥാനത്തേക്കെത്തുന്നത്.റോബ് സിസല്ലോ സി ഇ ഒ ആയും ഷോണ്‍ ഗ്രേ ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായുമാണ് ചുമതലയേല്‍ക്കുന്നത്. ഇരുവരും സപ്തംബറില്‍ ചുമതലയേല്‍ക്കും.

ഗൈന്‍ സന്ദാഗളാണ് നിലവില്‍ സിഇഒയുടെ ചുമതല വഹിക്കുന്നത്. പുതിയ സിഇഒ എത്തുന്നതോടെ, ഇദ്ദേഹം റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുതുതായി പ്രവേശിച്ച ഇന്‍ഷുറന്‍സ്, ടെലികോം എന്നിവയുള്‍പ്പെടുന്ന കണ്‍സ്യൂമര്‍ ബിസിനസ് രംഗത്തിന്റെ ചുമതല വഹിക്കും.ഫുഡ്, തുണിത്തരങ്ങള്‍, പലവ്യഞ്ജനം, പാദരക്ഷകള്‍, ഐ ടി ഉല്‍പ്പന്നങ്ങള്‍, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി രാജ്യത്ത് ആയിരത്തിലധികം റീട്ടെയില്‍ സ്റ്റോറുകള്‍ റിലയന്‍സ് റീട്ടെയില്‍സിനുണ്ട്.