അജയ് മാക്കനും സുരേഷ് കല്‍മാഡിയും തമ്മിലുള്ള പിടിവലി കൂടുതല്‍ ശക്തമാകുന്നതായി സൂചന. റാഞ്ചി ദേശീയ ഗെയിംസ് സമാപനച്ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പാര്‍ലമെന്‍ര് സമ്മേളനം നടക്കുന്നതിനാലാണ് സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്ന് മാക്കന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും കളങ്കിതനായ സുരേഷ് കല്‍മാഡിക്കൊപ്പം വേദി പങ്കിടേണ്ടി വരുന്ന വിഷയമാണ് ഇരുവര്‍ക്കുമിടയില്‍ തടസമായിരിക്കുന്നത്.

‘ പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. കൂടാതെ മുന്‍പേ നിശ്ചയിച്ച പല പരിപാടികളുമുണ്ട്. അതുകൊണ്ടുതന്നെ ദേശീയ ഗെയിംസ് സമാപനച്ചടങ്ങില്‍ പങ്കെടുക്കാനായി റാഞ്ചിയില്‍ പോകാനാവില്ല ‘- അജയ് മാക്കന്‍ വ്യക്തമാക്കി.

അതിനിടെ കല്‍മാഡിയുടെ അറസ്റ്റ് ഉടനേയുണ്ടാകുമെന്നാണ് സൂചന. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടകസമിതിയിലെ പ്രമുഖരായ ലളിത് ഭനോട്ടിനേയും വര്‍മ്മയെയും സി.ബി.ഐ ഇതിനകം തന്നെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രകായിക മന്ത്രാലയത്തിനു മേല്‍ പഴിചാരി രക്ഷപ്പെടാനാണ് കല്‍മാഡി ശ്രമിക്കുന്നത്.