Administrator
Administrator
രാജ്യം ഉത്കണ്ഠയില്‍; റെഡ്ഡിയെക്കുറിച്ച് വിവരമില്ല
Administrator
Thursday 3rd September 2009 7:50am

rajasheghara-reddy

ഹൈദരാബാദ്: തിരച്ചില്‍  24 മണിക്കൂറിനോടടുക്കുമ്പോഴും ഹെലികോപ്റ്റര്‍ യാത്രക്കിടെ കാണാതായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഹെലികോപ്റ്റര്‍ കാണാതായെന്നു കരുതുന്ന കര്‍ണൂല്‍ ജില്ലയിലെ നല്ലമല വനത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ പതിനഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ കണ്ടുവെന്ന് ഗ്രാമവാസികള്‍ പറയുന്ന ആത്മപുര്‍, ബണ്ടി ആത്മപുര്‍ പ്രദേശം ഇവിടെയാണ്. സംസ്ഥാനത്തെ നക്‌സല്‍ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്നാണിത്.

രാജ്യത്തെ ഏറ്റവും വലിയ തിരച്ചില്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വനത്തില്‍ നടക്കുന്നത്. സുഖോയ് യുദ്ധവിമാനം, നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച ഗ്രേഹണ്ട്, ഒക്‌ടോപസ്, അയ്യായിരത്തോളം സി.ആര്‍.പി.എഫ് ജവാന്മാര്‍, എഴുന്നൂറോളം വരുന്ന ഗോത്രവിഭാഗക്കാര്‍, ബോട്ടുകള്‍ എന്നിവയെല്ലാം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. പ്രദേശത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ മുന്‍ നക്‌സല്‍ പ്രവര്‍ത്തകരുടെയും സേവനവും പോലീസ് തേടിയിട്ടുണ്ട്. ബോട്ടുകള്‍ ഉപയോഗിച്ച് മെഹബൂബ്‌നഗര്‍ ഭാഗത്ത് കൃഷ്ണ നദിയിലും തിരച്ചില്‍ നടത്തുന്നത്. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആന്ധ്രയില്‍ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്നാണ് കാലവാസ്ഥാ പ്രവചനം.

അതേ സമയം, ഹെലി കോപ്റ്ററിനെക്കുറിച്ച ഐ.എസ്.ആര്‍.ഒ നല്‍കിയ ചിത്രങ്ങളില്‍ നിന്ന് വിവരമൊന്നും ലഭിച്ചില്ല. അന്തരീക്ഷം കാര്‍മേഘങ്ങളാല്‍ മൂടികിടക്കുന്നതിനാല്‍ ഐ.എസ്.ആര്‍.ഒ ചിത്രങ്ങള്‍ വ്യക്തമല്ല. വൈഎസ്ആറിനെ കാണാതായ നല്ലമല പ്രദേശത്തിന്റെ 41 ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ ശേഖരിച്ചത്.

ചിറ്റൂരിലെ ഗ്രാമപ്രദേശങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനായി ബുധനാഴ്ച കാലത്ത് ഒന്‍പത് മണിക്ക് ഹൈദരാബാദില്‍ നിന്ന് നാലുപേരോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെല്ലിന്റെ ഹെലികോപ്റ്ററില്‍ യാത്രതിരിച്ച രാജശേഖരറെഡ്ഡിയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. രാവിലെ പത്തരയായിട്ടും ചിറ്റൂരിലെത്താത്തിനെ തുടര്‍ന്നാണ് പരിഭ്രാന്തി പരന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കര്‍ണൂലില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. വൈ.എസ്.ആറിനെ കൂടാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. സുബ്രമണ്യം, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എ.എസ്.സി. വെസ്‌ലി, രണ്ടു പൈലറ്റുമാര്‍ തുടങ്ങിയവരാണ് ഹെലി കോപ്റ്ററിലുണ്ടായിരുന്നത്.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഹൈദരാബാദിലെത്തി. സോണിയ ഇന്നു കാലത്ത് എത്തുമെന്നാണ് കരുതുന്നത്.

Advertisement