Categories

Headlines

രാജേഷും ഓംപ്രകാശും പ്രതികള്‍; ഇന്ന കോടതിയില്‍ ഹാജരാക്കും

omprakash-rajesh

തിരുവനന്തപുരം: പോള്‍ വധവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പുകയില്‍ സര്‍ക്കാര്‍ വരെ വിയര്‍ക്കുന്നതിനിടെ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേസില്‍ പ്രതികളാക്കി. മറ്റൊരു കേസില്‍ തിരുനെല്‍വേലി കോടതിയില്‍ കീഴടങ്ങിയ ഇവരെ പാളയംകോട്ട ജയിലില്‍ നിന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കേസില്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാനായി പ്രത്യേക സംഘം ഇന്നു തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും.

നാടകീയ സംഭവവികാസങ്ങള്‍ക്കാണ് ഇന്നലെ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മണ്ണ് സാക്ഷ്യം വഹിച്ചത്. കേസില്‍ ഓംപ്രകാശിനെയും രാജേഷിനെയും സാക്ഷികളാക്കാനുള്ള കേരള പോലീസിന്റെ തീരുമാനം വിവാദമായതിനെ തുടര്‍ന്നാണ് ഇവരെ പ്രതികളാക്കാന്‍ തീരുമാനിച്ചത്. പ്രതികളെ ഏറ്റുവാങ്ങുന്നത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള 20 ഓളം മാധ്യമവാഹനങ്ങളാണ് തിരുനെല്‍വേലിയിലെത്തിയത്. ദേശീയപാതയില്‍ മൂന്നര മണിക്കൂര്‍ നേരത്തെ യാത്രക്കു ശേഷമാണു രാത്രി 7.10ന് ഇവരെ ഇവിടെ ജയിലില്‍ എത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍, ഡിസിപി: ജോളി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസിന്റെ അകമ്പടിയില്‍ തമിഴ്‌നാട് പൊലീസാണു പ്രതികളെ കൊണ്ടുവന്നത്. കടകംപള്ളി സ്വദേശി ശിവപ്രസാദ് വധക്കേസിലെ വാറന്റിലായിരുന്നു തിരുനെല്‍വേലി കോടതിയിലെ കീഴടങ്ങല്‍.

തമിഴ്‌നാട് ദക്ഷിണമേഖലാ ഡി.ഐ.ജി കണ്ണപ്പന്‍ അറിയിച്ചതനുസരിച്ച് കേരള പോലീസ് തിരുവനന്തപുരം ഒന്നാം അസിസ്റ്റന്റ് സെഷന്‍സ് കോടതിക്ക് മുമ്പാകെ, ഇവരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.് ഇവരെ സപ്തംബര്‍ 10 ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറണ്ടുമായി വഞ്ചിയൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ ബി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ പോലീസ് സംഘം ബുധനാഴ്ച രാവിലെ 10.50 ഓടെ തിരുനെല്‍വേലി ജയില്‍ സൂപ്രണ്ടിന് മുമ്പിലെത്തി. ജയില്‍ സൂപ്രണ്ട് അരുട നമ്പി ഉടന്‍തന്നെ വാറണ്ട് തിരുനെല്‍വേലി മജിസ്‌ട്രേട്ടിന് സമര്‍പ്പിക്കുകയും അദ്ദേഹം തിരുവനന്തപുരം മജിസ്‌ട്രേട്ടിന്റെ ഉത്തരവ് അംഗീകരിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പാളയങ്കോട്ട ജയിലില്‍ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വഞ്ചിയൂര്‍ എസ്.ഐക്ക് ലഭിച്ചു. അദ്ദേഹം അറിയിച്ചതനുസരിച്ച്, ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും തിരയാന്‍ കേരള പോലീസ് രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി.സി.പി ജോളി ചെറിയാന്റെ നേതൃത്വത്തിലുള്ള പത്തംഗ സായുധ പോലീസ് സംഘം തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. മൂന്നരയോടെ ഇവര്‍ തിരുനെല്‍വേലിയിലെത്തി. എന്നാല്‍ തിരുനെല്‍വേലി കോടതിയുടെ ഉത്തരവുള്ളതിനാല്‍, ഇവരെ തിരുവനന്തപുരം കോടതിയിലെത്തിക്കേണ്ട ദൗത്യം തമിഴ്‌നാട് പോലീസിനായിരുന്നു. ഇതനുസരിച്ച് തമിഴ്‌നാട് എ.ആര്‍. പോലീസിന്റെ, നാലുവശവും കറുത്ത ഫിലിം ഒട്ടിച്ച വാന്‍ എത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ നിന്നെത്തിയ രണ്ടു പോലീസ് ജീപ്പുകളും പോലീസ് ബസ്സും ഇരുപതോളം വരുന്ന മാധ്യമവാഹനങ്ങളും തമിഴ്‌നാട് പോലീസ് വാനിനെ പിന്തുടര്‍ന്നു. അരമണിക്കൂര്‍ യാത്രയ്ക്കുശേഷം വള്ളിയൂരില്‍വെച്ചാണ് സിറ്റി പോലീസ് കമ്മീഷണര്‍ അജിത്തിന്റെ കാര്‍, വാഹനവ്യൂഹത്തിനിടയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കമ്മീഷണര്‍ അതിവേഗത്തില്‍ ഓംപ്രകാശിനെയും രാജേഷിനെയും കൊണ്ടുവന്ന തമിഴ്‌നാട് പോലീസിന്റെ വാനില്‍ കയറി.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പോള്‍ എം. ജോര്‍ജ് വധക്കേസില്‍ ഇന്നലെയാണു പ്രതികളാക്കിയത്. എന്നാല്‍ ഇവര്‍ എത്രാമത്തെ പ്രതികളാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. കൊല്ലപ്പെടുമ്പോള്‍ പോള്‍ സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാര്‍ സംഭവസ്ഥലത്തുനിന്നു കടത്തിക്കൊണ്ടുപോയി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇതോടെ ഇവരെ പോള്‍ വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനു കഴിയും. അതിനായി ഇന്നു കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓംപ്രകാശിനും രാജേഷിനുമെതിരെ ഗുണ്ടാ നിയമപ്രകാരം നിലവില്‍ അറസ്റ്റ് വാറന്റ് ഉണ്ട്. അതിനു പുറമെ ഓംപ്രകാശിനെതിരെ രണ്ടു കൊലപാതകം ഉള്‍പ്പെടെ 17 കേസുകളും നിലവിലുണ്ട്. അതില്‍ അഞ്ച് കേസുകളില്‍ അറസ്റ്റ് വാറന്റും നിലവിലുണ്ട്. കേസില്‍ പ്രതിയെന്ന വിവരം മറച്ചുവച്ച് പാസ്‌പോര്‍ട്ട് നേടിയ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസി: എം. ശേഖരന്‍ അപേക്ഷ നല്‍കും. പോള്‍ വധക്കേസിലെ കസ്റ്റഡിക്കു ശേഷമാകും ഇത്.

പുത്തന്‍പാലം രാജേഷിനെതിരെയും നാല് കേസുകളില്‍ നിലവില്‍ അറസ്റ്റ് വാറന്റ് ഉണ്ട്. കൊലപാതകം ഉള്‍പ്പടെ 25 കേസുകളാണ് ഇയാളുടെ പേരില്‍. 1997ല്‍ കടയ്ക്കാവൂരില്‍ നടത്തിയ ഒരു കൊലപാതക കേസില്‍ ഇയാള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കാര്യം പൊലീസ് കോടതിയെ അറിയിക്കും. രണ്ടുപേര്‍ക്കുമെതിരെ ഗുണ്ടാ നിയമപ്രകാരമുള്ള അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍ ഇവര്‍ മറ്റ് കേസുകളില്‍ എല്ലാം ജാമ്യം നേടി പുറത്തിറങ്ങാറാകുമ്പോള്‍ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തമെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.