‘ഒരു സ്‌മോള്‍ ഫാമിലി’ എന്ന ചിത്രത്തിനു ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്നാണ് ആ കല്യാണം. പ്രണയവും ക്യാമ്പസുമൊക്കെയാണ് ചിത്രത്തിന്റെ വിഷയം. ഒപ്പം വിവാഹം എന്ന പേരില്‍ ഇന്നു കാട്ടിക്കൂട്ടുന്ന ധൂര്‍ത്തുകളെയും ചിത്രം വിമര്‍ശിക്കുന്നു.

യുവതാരം രജിത് മേനോനാണ് ചിത്രത്തിലെ നായകന്‍. നീലിമയും (മാളവിക) ഐഷയും സുഹൃത്തുക്കളാണ്. ഇരുവരും എഞ്ചിനിയറിംഗിനു പഠിക്കുന്നു. ഇതേ കോളജില്‍ പഠിക്കുന്ന കാര്‍ത്തിക് ( രജിത്) ഒരു ദരിദ്രകുടുംബാംഗമാണ്. കാര്‍ത്തിക്കും കൂട്ടുകാരനായ കുഞ്ഞുമോനും ഈ പെണ്‍കുട്ടികളുമായി അടുക്കുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. നിലീമയുടെ അച്ഛനായി സായ്കുമാറും അമ്മയായി രോഹിണിയും അഭിനയിക്കുന്നു. ജഗതി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബിന്ദുപണിക്കര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Subscribe Us:

ബക്രുദ്ദീനും രാജസേനനും ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗീവറുഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മിക്കുന്നത്.

ഒരുകാലത്ത് നിരന്തരം ഹിറ്റുകള്‍ സമ്മാനിച്ചിരുന്ന രാജസേനന് അടുത്തകാലത്തൊന്നും ആ ഫോമിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനിടെ അദ്ദേഹം അഭിനയിക്കാനെത്തിയെങ്കിലും അതും കാര്യമായി സ്വീകരിക്കപ്പെട്ടില്ല. ഈ ചിത്രത്തിലൂടെ തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.