മൂന്നാറിലും പത്തനം തിട്ടയിലും അളന്ന് തീര്‍ന്നില്ല

land-rwതിരുവനന്തപുരം: സംസ്ഥാനത്ത് 2000ല്‍പ്പരം ഏക്കര്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണത്തിന് തയ്യാറായി. ആറു ജില്ലകളിലാണ് മിച്ച ഭൂമി അളന്ന് തിരിച്ചിട്ടുള്ളത്. വിവാദമായ മൂന്നാര്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കിയിലും ചെങ്ങറ ഭൂസമരം നടക്കുന്ന പത്തനം തിട്ടയിലും ഭൂമി അളന്ന് തിട്ടപ്പെടുത്താനായിട്ടില്ല.

നവംബറില്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പട്ടയമേളയിലായിരിക്കും ഭൂമി വിതരണം ചെയ്യുക. ഇതിനുള്ള തീയതിയും നിശ്ചയിച്ചു. ഭൂരഹിതര്‍ക്ക് അഞ്ച് മുതല്‍ 15 വരെ സെന്റ് വിതരണം ചെയ്യാനാണ് റവന്യൂ വകുപ്പ് പദ്ധതി.

മലപ്പുറം187, കോട്ടയം155, കോഴിക്കോട് 148, കാസര്‍കോട് ്154, പാലക്കാട് 271, കൊല്ലം 85, വയനാട് 151, തൃശ്ശൂര്‍ 110, ആലപ്പുഴ 258, കണ്ണൂര്‍ 252 ഏക്കര്‍ വീതം ഭൂമിയാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ലഭ്യമായ മിച്ചഭൂമിയുടെ അളവ് തിട്ടപ്പെടുത്തുന്നേയുള്ളൂ. എന്നാല്‍ എല്ലാ ജില്ലകളിലും പട്ടയമേളകള്‍ നടത്തേണ്ട തീയതി റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതനുസരിച്ച് നവംബര്‍ ഒന്നിന് തിരുവനന്തപുരത്തും രണ്ടിന് മറപ്പുറത്തും ആറിന് ഇടുക്കിയിലും ഏഴിന് കോട്ടയത്തും ഒമ്പതിന് കോഴിക്കോട്ടും 13ന് കാസര്‍കോട്ടും 16ന് പാലക്കാട്ടും 17ന് കൊല്ലത്തും 20ന് പത്തനംതിട്ടയിലും 21ന് വയനാട്ടിലും 23ന് തൃശ്ശൂരിലും 24ന് ആലപ്പുഴയിലും 28ന് കണ്ണൂരിലും 30ന് എറണാകുളത്തും ഭൂമി വിതരണമേളകള്‍ നടത്തും.

ഭൂമി ലഭിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്ത് 31ന് കഴിയും. മറ്റ് ജില്ലകളില്‍ സപ്തംബര്‍ 30നാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കുടികിടപ്പുകാരുണ്ടെങ്കില്‍ ലഭ്യമായ സ്ഥലത്തിന്റെ 12.5 ശതമാനം അവര്‍ക്ക് നീക്കിവെക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 2000ല്‍പ്പരം ഏക്കറില്‍ കാര്യമായി കുടികിടപ്പുകാരില്ല. ബാക്കി 87.5 ശതമാനം ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കണം. എന്നാല്‍ ഇതില്‍ പകുതി പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്.

ഭൂമിക്കായി ലഭിക്കുന്ന അപേക്ഷകള്‍ വില്ലേജ് ഓഫീസിലാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. തുടര്‍ന്ന് യോഗ്യതയുടെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതര്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കും. മിച്ചഭൂമി ലഭിക്കുന്നവര്‍ 25 വര്‍ഷത്തേക്ക് അത് കൈമാറ്റം ചെയ്യരുതെന്ന് വ്യവസ്ഥയുണ്ട്. മിച്ചഭൂമി ലഭിച്ചവരെ കബളിപ്പിച്ച് മറ്റുള്ളവര്‍ ഭൂമി കൈവശപ്പെടുത്തുന്നത് തടയാനാണ് ഈ വ്യവസ്ഥ. മുന്‍ വര്‍ഷം 1000 ഏക്കറോളം മിച്ചഭൂമി സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. സ്ഥല ലഭ്യത കുറവുള്ള സ്ഥലങ്ങളില്‍ അഞ്ചും കൂടുതലുള്ളയിടങ്ങളില്‍ ലഭ്യതയനുസരിച്ച് 15 സെന്റുവരെയും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.