pokhran

ന്യൂഡല്‍ഹി: 1998 ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണം പരാജയമായിരുന്നുവെന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ശാസ്ത്രജ്ഞന്‍ കെ.സന്താനം. ഇക്കാര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പൊഖ്‌റാന്‍ പരീക്ഷണം വിജയകരമായിരുന്നുവെന്നും സന്താനത്തിന്റെ വാദം ഭയാനകമാണന്നുമുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരയണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സന്താനം. ആണവ പരീക്ഷണത്തിന്റെ ഫലങ്ങള്‍ സന്താനത്തിന് ലഭ്യമായിരുന്നില്ലന്ന നാരായണന്റെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു.

”ആണവപരീക്ഷണം വിജയമായിരുന്നുവെന്ന് വരുത്തിത്തീര്‍ത്തത് അന്നത്തെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായ ചിദംബരമാണ്. ചിദംബരത്തിന് വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇത്”. രാജ്യസുരക്ഷയില്‍ താല്‍പര്യമുണ്ടെങ്കില്‍ പുതിയ ആണവപരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പരീക്ഷണത്തെക്കുറിച്ച് ഒരു സ്വതന്ത്ര പാനല്‍ അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും സന്താനം ആവശ്യപ്പെട്ടു.

1998 മെയ് 11ന് പൊഖ്‌റാന്‍ മരുഭൂമിയില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം സര്‍ക്കാര്‍ അന്ന് ചിത്രീകരിച്ച മട്ടില്‍ വന്‍ വിജയമായിരുന്നില്ലായിരുന്നു സന്താനത്തിന്റെ വെളിപ്പെടുത്തല്‍. ഫലസിദ്ധി കുറഞ്ഞ തെര്‍മോ ന്യൂക്ലിയര്‍ പരീക്ഷണമാണ് അന്ന് ഇന്ത്യ നടത്തിയതെന്നും ആണവപരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ രാജ്യം തിരക്കു കൂട്ടരുതെന്നും സന്താനം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുള്‍ കലാം, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സൈനിക മേധാവികള്‍ തുടങ്ങിയവര്‍ ഇത് തളളിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് എം.കെ.നാരായണനും പരീക്ഷണം പൂര്‍ണമായും വിജയമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്.