മുസാഫിര്‍ അഹമ്മദ്mercy-ravi
പള്ളിയിലച്ചന്മാര്‍ക്ക് പഴയ വിമോചന സമരം തികട്ടിവരുന്ന ഈ സമയത്ത്
പത്തമ്പത് വര്‍ഷം മുമ്പ് നടന്ന സമരത്തെക്കുറിച്ചും കമ്യൂണിസ്റ്റ്
‘ഭീകരത’യെക്കുറിച്ചും രോഗശയ്യയില്‍ വെച്ച് മേഴ്‌സി രവി ഓര്‍ത്തെടുത്തത്
എന്തിനായിരിക്കാം. തന്റെ ഓര്‍മ്മകള്‍ ശക്തമാണെന്നും അതിന് ഇപ്പോഴും
ആറാംക്ലാസുകാരിയുടെ വളര്‍ച്ച മാത്രമേയുള്ളൂവെന്നും
വ്യക്തമാക്കുന്നതായിരുന്നു കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഭാര്യയും
കോണ്‍ഗ്രസ് നേതാവുമായ മേഴ്‌സി രവി മാതൃഭൂമിയില്‍ എഴുതിയ ലേഖനം. ഏറെക്കാലം
കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടും ക്ലാസ്മുറിയിലെ ജനല്‍വാതിലിനു
പുറത്ത് കണ്ട കാഴ്ചയില്‍ കൂടുതലൊന്നും കാണാന്‍ മേഴ്‌സിക്കു
കഴിഞ്ഞിട്ടില്ലെന്ന ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

പഴയ കമ്യൂണിസ്റ്റുകാരെക്കുറിച്ച് അതിന്റെ ശത്രുക്കള്‍ പറഞ്ഞ് പരത്തിയ
കെട്ടുകഥകളും ഐതിഹ്യങ്ങളുമാണ് കാലമിത്ര കഴിഞ്ഞിട്ടും അവര്‍ മനസില്‍
സൂക്ഷിക്കുന്നത്. വായ്‌മൊഴിക്കൈമാറ്റങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാന്‍
മുന്‍ എം.എല്‍.എ കൂടിയായ മേഴ്‌സി രവിക്ക് കഴിയാതെ പോയത് എന്ത്
കൊണ്ടായിരിക്കും. കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കുകയെന്ന തന്റെ
ലക്ഷ്യത്തിന് വേണ്ടി ഒട്ടേറെ പിന്തിരിപ്പന്‍ ആശയങ്ങളെ മേഴ്‌സിക്ക്
പിന്തുണക്കേണ്ടി വരുന്നു. കേരളത്തിലെ സി.പി.ഐ.എമ്മിനെ വിമര്‍ശിക്കാന്‍
അവര്‍ക്ക് 50 വര്‍ഷം പിന്നോട്ടേക്ക് തിരിഞ്ഞ് നടക്കണമെന്നില്ലായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പിന്നീട് തള്ളിപ്പറഞ്ഞ വിമോചന സമരം തന്നെ
രോഗക്കിടക്കയില്‍ വെച്ചും മോഴ്‌സി ഓര്‍ത്തെടുത്തത് കോണ്‍ഗ്രസുകാരേക്കാളേറെ
ഉപയോഗപ്പെടുക അടുത്തകാലത്തായി രണ്ടാം വിമോചനസമര മുദ്രാവാക്യ
മുഴക്കിക്കൊണ്ടിരിക്കുന്ന സഭാ നേതൃത്വത്തിനാണ്.

Subscribe Us:

കേരളത്തിലെ ജന്മി-നാടുവാഴിത്ത സമ്പ്രദായങ്ങള്‍ക്കെതിരെ
കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന
കാലഘട്ടമായിരുന്നു 1950കള്‍. ഇ.എം.എസ്. സര്‍ക്കാര്‍ കേരളത്തില്‍
അധികാരത്തിലെത്തിയതോടെ വലതുപക്ഷ ശക്തികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
അന്ന് പ്രചരിപ്പിക്കപ്പെട്ട കെട്ടുകഥകളുടെ ആവര്‍ത്തനങ്ങള്‍ മേഴ്‌സിയുടെ
ലേഖനത്തില്‍ ഇപ്പോഴും കാണാം. അന്തോണിയെന്ന റൗഡി കമ്യൂണിസ്റ്റ്
നേതാവിനെക്കുറിച്ച് മേഴ്‌സി വാചാലയാകുന്നതിന് പിന്നിലെ രഹസ്യമിതാണ്.
വ്യാപകമായ കമ്യൂണിസ്റ്റ് വേട്ട നടക്കുന്ന കാലം അന്തോണിയെത്തേടി
വീട്ടിലെത്തുന്ന പോലീസുകാര്‍ ജ്യേഷ്ഠനെ പിടിച്ചുകൊണ്ട് പോകുന്നു. രണ്ട്
ദിവസത്തിന് ശേഷം മോചിതനാകുന്ന ജ്യേഷ്ഠന്‍ തൂങ്ങിമരിക്കുന്നു. മേഴ്‌സിക്ക്
കമ്യൂണിസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും മനസില്‍ ഓടിയെത്തുന്നത്
പഴംപായയില്‍കെട്ടി കൈവണ്ടിയില്‍ കൊണ്ട് പോകുന്ന ആ മൃതശരീരത്തിന്റെ
ഇളകിയാടുന്ന കാലുകളാണ്. സ്‌റ്റേഷനില്‍ അദ്ദേഹം അനുഭവിച്ച
പീഡനങ്ങളെപ്പറ്റിയോ മാനഹാനിയെപ്പറ്റിയോ മേഴ്‌സിക്ക് വേവലാതികളൊന്നുമില്ല.
തല്ലുകൊള്ളിയെന്ന് ആന്റണിയെ വിശേഷിപ്പിക്കുന്ന മേഴ്‌സി അയാള്‍ ആരുടെ
തല്ലാണ് കൊണ്ടതെന്ന് വ്യക്തമാക്കുന്നില്ല. പിന്നീട് ആന്റണിയെക്കുറിച്ച്
എഴുന്നള്ളിക്കുന്നത് അവ്യക്തമായ ഊഹാപോഹങ്ങളാണ്. വിപ്ലവകാരികള്‍ എക്കാലവും
ബൂര്‍ഷ്വകള്‍ക്ക് തെമ്മാടിയും റൗഡിയുമായിരുന്നുവെന്ന ചരിത്രത്തെ
മേഴ്‌സിരവിയും സാക്ഷ്യപ്പെടുത്തുന്നു.

പള്ളിപ്പെരുന്നാളിന്റെ ഊട്ടുകളില്‍ പുളകം കൊള്ളുന്ന മേഴ്‌സിക്ക്
അക്കാലത്ത് പട്ടിണി കിടക്കേണ്ട അടിസ്ഥാന വര്‍ഗത്തെ ഓര്‍ത്തെടുക്കേണ്ട
ബാധ്യതയില്ല. എന്നാല്‍ ഭൂമിയും സമ്പത്തും കേന്ദ്രീകരിക്കപ്പെട്ട പ്രത്യേക
വിഭാഗങ്ങളില്‍ നിന്നും അവ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ വെപ്രാളം
മേഴ്‌സിയും പങ്കുവെക്കുന്നുണ്ട്. അക്കാലത്ത് പീഡിത വര്‍ഗം അനുഭവിച്ച
സാമൂഹിക അനീതിക്കെതിരെ ഒരക്ഷരം മിണ്ടതിരിക്കുന്ന അവര്‍ കേരളത്തിലെ
എക്കാലത്തെയും നല്ല വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്
മുണ്ടശ്ശേരിയെപ്പോലും അധിക്ഷേപിക്കുന്നു. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ
പരിഷ്‌കരണങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിലുണ്ടാക്കിയ അലോസരമാണ്
ഇന്നും മേഴ്‌സിയുടെ ഉള്ളിലുള്ളത്. അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ
ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാറുമായി ഉപമിക്കുന്നതിലൂടെ രണ്ട് തെറ്റാണ്
മേഴ്‌സി മനപൂര്‍വം ചെയ്യുന്നത്. ഒന്ന് ഇപ്പോഴത്തെ എല്‍.ഡി.എഫ്
സര്‍ക്കാറിനെ 57ലെ ഇ.എം.എസ് സര്‍ക്കാറുമായി ഉപമിച്ച് ആദ്യകമ്യൂണിസ്റ്റ്
സര്‍ക്കാറിന്റെ വിപ്ലവകരമായ നിലപാടുകളെ കുറച്ച് കാണിക്കല്‍. രണ്ട്, വിമോചന
സമരത്തിന്റെ ഓര്‍മകളുണര്‍ത്തി പ്രതിലോമ ശക്തികളെ സഹായിക്കല്‍.
ഒരണ സമരക്കാര്‍ വിളിച്ച വയലാര്‍രവി സിന്ദാബാദ് എന്ന്
മുദ്രാവാക്യത്തെക്കുറിച്ച് മേഴ്‌സി പറയുന്നത് അരാഷ്ട്രീയമായ
ഉള്‍ക്കാഴ്ചയോടെയാണ്. വയലാര്‍ രവിയില്‍ ഹീറോആരാധന വെച്ചുപുലര്‍ത്തുന്ന,
ഒരു സാധാരണ പെണ്‍മനസിനെ വരച്ചിടുകയാണ് അവര്‍ ചെയ്യുന്നത്.
മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും തന്റെ ജീവിതത്തെ ഒട്ടും
സ്വാധീനിച്ചില്ലെന്ന് തുറന്ന് പറയുന്ന അവര്‍ താന്‍ കോണ്‍ഗ്രസായത്
താനുള്‍പ്പെടെയുള്ള പ്രമാണി വര്‍ഗത്തിന്റെ താല്‍പര്യങ്ങളെ അവര്‍
സംരക്ഷിക്കുന്നതുകൊണ്ടാണെന്ന് തെളിച്ച് പറയുകയാണ്.

വിമോചനസമരകാലത്ത് കമ്യൂണിസ്റ്റുകാര്‍ പെണ്‍കുട്ടികളെ ബലാത്സംഗം
ചെയ്യുന്നത് പതിവായിരുന്നെന്ന് പറയുന്ന മേഴ്‌സി രവി ആര് എവിടെ വെച്ച്
ആരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നില്ല. ഇപ്പോള്‍
രണ്ട് വയസുകാരി മുതല്‍ ഏഴുപത്തിയഞ്ച് വയസുകാരി വരെ മാഫിയകളാല്‍
പീഢിപ്പിക്കപ്പെടുന്നുവെന്ന് പറഞ്ഞ് മാഫിയയെന്നത് നേരത്തെയുള്ള
വിമോചനസമരകാലത്തെ കമ്യൂണിസ്റ്റുകാരുടെ പിന്തുടര്‍ച്ചക്കാരാണെന്ന്
സൂചിപ്പിക്കുമ്പോള്‍ ലേഖനത്തില്‍ അവര്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ച
നിഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏത്
രാഷ്ട്രീയ സാഹചര്യത്തിലാണ് ബലാത്സംഗം നടന്നതെന്ന് മേഴ്‌സി
വ്യക്തമാക്കേണ്ടതുണ്ട്. ജന്മിനാടുവാഴിത്ത കാലഘട്ടത്തില്‍ കേരളത്തില്‍
നടന്ന അക്രമങ്ങളെയും ബലാത്സംഗങ്ങളെയും അടിമത്വത്തെയും മറച്ചുപിടിക്കുകയും
അതിനെതിരെ നടത്തിയ പോരാട്ടങ്ങളെ പ്രതിക്കൂട്ടിക്കില്‍ നിര്‍ത്തുകയും
ചെയ്യുന്നു അവര്‍. അന്നത്തെ നാടുവാഴിത്വത്തിന്റെ പുതിയ രൂപം തന്നെയാണ്
പെണ്‍വാണിഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് മേഴ്‌സി മനപൂര്‍വം
മറക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാവം കന്യാസ്ത്രീ കോണ്‍വെന്റില്‍
വെച്ച് കെലചെയ്യപ്പെട്ടതെങ്കിലും മേഴ്‌സിക്ക് ഓര്‍ക്കാമായിരുന്നു.

തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി വിജയിച്ച സര്‍ക്കാറിനെ നിയമവരുദ്ധമായി
പിരിച്ച വിട്ട അധാര്‍മ്മികത മറച്ചുപിടിക്കാന്‍ കമ്യൂണിസ്റ്റ് ഭരണകാലത്തിന്
കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും കഥകള്‍ ആവശ്യമായി വരുന്നുണ്ട്.
മേഴ്‌സിയുടെ കഥയുടെ പൊരുള്‍ അതാണ്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍
നെഹ്‌റു പോലും പിന്നീട് കുറ്റബോധം പ്രകടിപ്പിച്ച 57ലെ സംഭവത്തില്‍ മേഴ്‌സി
അഭിമാനം കൊള്ളുകയാണ്.

അങ്കമാലിയില്‍ ഏഴ്‌പേരെ പോലീസിന്റെ തോക്കിന് മുന്നിലേക്ക് സമര നേതൃത്വം
എറിഞ്ഞ് കൊടുക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം അധസ്ഥിത
ക്രൈവസ്തവരായിരുന്നു. പള്ളിമണിയടിച്ചാണ് നേതൃത്വം അന്ന് ആളെകൂട്ടിയത്.
സ്റ്റേഷനു നേരെ നീങ്ങിയ വന്‍ ജനക്കൂട്ടത്തിന് നേരെ അംഗ സംഖ്യ കുറഞ്ഞ
പോലീസ് വെടിയുതിര്‍ത്തു. പാവപ്പെട്ട കൃസ്ത്യാനികളുടെ ജീവിതമുപയോഗിച്ച്
നേതൃത്വം പിന്നീട് നേട്ടങ്ങള്‍ കൊയ്തു. പള്ളിയോടൊപ്പം വിദ്യാഭ്യാസ
സ്ഥാപനങ്ങളും ദേശസാത്കരിച്ചെന്ന് പറയുമ്പോള്‍ ചരിത്രത്തെ ഭംഗിയായി
വളച്ചൊടിക്കുകയാണ് മേഴ്‌സി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങല്‍
മാത്രമാണ് അന്ന് ദേശസാത്കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ
മേഖലയെ പൊതു സാമൂഹികാന്തരീക്ഷത്തിലേക്ക് കൊണ്ട് വരുന്നതിനായിരുന്നു അത്.
പള്ളികള്‍ വിശ്വാസികളില്‍ നിന്ന് ഏറ്റെടുത്ത് സര്‍ക്കാറിന് പ്രാര്‍ഥന
നടത്തേണ്ട ആവശ്യമില്ലായിരുന്നു. ഏത് പള്ളിയാണ് ഇങ്ങനെ ഏറ്റെടുത്തതെന്ന്
പറയാന്‍ മേഴ്‌സിക്ക് കഴിയുന്നില്ല.

മേഴ്‌സിയുടെ ഭര്‍ത്താവ് വയലാര്‍ രവി തന്നെ ഒരുഘട്ടത്തില്‍
വിമോചനസമരത്തെയും അതിന് പിന്നിലെ അജണ്ടകളെയും തള്ളിപ്പറയുന്നുണ്ട്.
സമരത്തിന് പിന്നിലെ അമേരിക്കന്‍ ഇടപെടല്‍ എക്കാലത്തെയും വിവാദമായിരുന്നു.
ഈ ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു രവിയുടെ വെളിപ്പെടുത്തലുകള്‍.
കേരളത്തിലെ പ്രതിലോമ ശക്തികളുടെ ഏകീകരണം സഭവിച്ചുവെന്ന് പൊതു കേരളമനസ്
തന്നെ പിന്നീട് വിമേചന മരത്തെ വിലയിരുത്തിയന്ന് തിരിച്ചറിഞ്ഞതു കൊണ്ടാവാം
ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തന്നെ ഇതിനെ തള്ളിപ്പറഞ്ഞത്.
തനിക്ക് പറയാന്‍ കഴിയാത്ത കാര്യം ഭാര്യയിലൂടെ പറയിപ്പിക്കുകയെന്ന തന്ത്രം
സ്വീകരിച്ചതാകുമോ വയലാര്‍ രവി. അതോ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയുടെ
ഭാര്യയുടെ ഓര്‍മ്മകള്‍ക്ക് മുകളില്‍ മറ്റാരെങ്കിലും കയറിയിരുന്നതാകുമോ?.

കേരളഫഌഷ്‌ന്യൂസ് 3 ജൂലൈ 2009