ന്യൂദല്‍ഹി: കെ മുരളീധരന്റെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ഇന്ന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ദല്‍ഹിയിലെത്തിയിട്ടുണ്ട്.. കെ പി സി സി എക്‌സിക്യുട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. മുരളീധരന്റെ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് കെ കരുണാകരന്‍ കെ പി സി സിക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ് കെ പി സി സി എക്‌സിക്യുട്ടീവ് യോഗം വിളിച്ചത്.

അതേസമയം കെ.മുരളീധരനെ കോണ്‍ഗ്രസില്‍ പുനപ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ. കരുണാകരന്‍ നല്‍കിയ കത്ത് അടുത്ത കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്ന് വി എം സുധീരന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നു അത് യോഗത്തില്‍ അറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.