ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ നിയമവശം മാത്രമാണ് പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി. അതേ സമയം മുസ്‌ലിം വ്യക്തി നിയമത്തിന് കീഴില്‍ വരുന്ന വിവാഹമോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന കാര്യം പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.  വിഷയത്തില്‍ പുതിയതായി ഒരു കക്ഷിയെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് നിലപാടെടുത്തശേഷം കോടതിയെ അറിയിക്കണെമെന്നും നിര്‍ദേശിച്ചു.

ഹരജികളില്‍ മെയ് 11 മുതല്‍ കോടതി വാദം കേള്‍ക്കും. മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രിയായ രവിശങ്കര്‍ പ്രസാദും നേരത്തെ പറഞ്ഞിരുന്നു.

മുത്തലാഖ് അടക്കമുള്ളവയുടെ നിയമസാധുത ചോദ്യംചെയ്ത് ഷായറ ബാനു അടക്കം നിരവധി പേര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.