മുംബൈ: റോയല്‍സിനോടേറ്റ തോല്‍വിയില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തി. മുംബൈയില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബിന്റെ രാജാക്കന്‍മാരെ 23 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. സ്‌കോര്‍ മുംബൈ: മുംബൈ 5/ 159, പഞ്ചാബ് 8/ 136

ആദ്യം ബാറ്റുചെയ്ത മുംബൈയുടെ തുടക്കം മോശമായിരുന്നു. 10 റണ്‍സെടുത്ത ജേക്കബ്‌സ് പെട്ടെന്ന് മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അമ്പാട്ടി റായ്ഡുവും സച്ചിനും ഒരിക്കല്‍ക്കൂടി മുംബൈയുടെ തുണയ്‌ക്കെത്തി. സച്ചിനും റായ്ഡുവും 51 റണ്‍സെടുത്തു. തുടര്‍ന്ന് പൊള്ളാര്‍ഡും (20) രോഹിത് ശര്‍മ്മയും (18) മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു.

മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഗില്‍ക്രിസ്റ്റിനെ തുടക്കത്തിലേ നഷ്ടമായി. വാല്‍ത്താട്ടിയും (33) ഷോണ്‍ മാര്‍ഷും (61) ചേര്‍ന്ന് പോരാട്ടം മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ മധ്യനിര തകര്‍ന്നത് പഞ്ചാബിന് തിരിച്ചടിയായി. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയ പൊള്ളാര്‍ഡാണ് കളിയിലെ താരം.