കൊച്ചി: സംസ്ഥാനത്തെ ഭരണം മാഫിയകളുടെ കൈയ്യിലാണെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് സിരിജഗന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും സിരിജഗന്‍ കുറ്റപ്പെടുത്തി. രാവിലെ ഹൈക്കോടതി കൂടിയപ്പോഴാണ് മാധ്യമങ്ങള്‍ക്കെതിരേ ജസ്റ്റിസ് രംഗത്തെത്തിയത്.

കോടതികള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ഇത് നല്ലതല്ലെന്നും സിരിജഗന്‍ അഭിപ്രായപ്പെട്ടു. ഒരു ക്വാറികേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാറിനെതിരേ പരാമര്‍ശം ചൊരിഞ്ഞത്. സര്‍ക്കാറിനെക്കൊണ്ട് പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമാണ് നേട്ടമെന്നും സര്‍ക്കാറിനെ പിന്നില്‍ നിന്ന് ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.