കാമ്പസ് കവിത / അശ്വതി വിജയന്‍

രിക്കലെനിക്കിഷ്ടമായിരുന്നു
ആര്‍ത്തിരമ്പുന്ന മഴക്കാലം.
അന്ന്
മഴയെന്നാല്‍ ,

നനഞ്ഞൊട്ടിയ
പാവാടയുടെ
തണുപ്പായിരുന്നു,
നനയാതെ
മറോടണച്ച
പുതുപുസ്തകങ്ങളായിരുന്നു,
മണ്ണില്‍ വീണുടയുന്ന-
ഓരോ മഴത്തുള്ളിയും മൂളുന്ന
താരാട്ടായിരുന്നു,
തുറന്നിട്ട
ജനല്‍ പാളികളിലൂടെ
വിളക്കൂതാന്‍ വന്ന
കാറ്റായിരുന്നു,
വിറയാര്‍ന്ന
കൈപ്പടയില്‍,
ചിറകു മുളച്ച്
പറന്നു പോയ
എന്റെ കവിതകളായിരുന്നു.

ഇപ്പോഴെനിക്ക്
മഴക്കാലമെന്നാല്‍

അലക്കി
ഉണങ്ങാതെ
മടക്കിവെച്ച
തുണികളുടെ
മനം മടുപ്പിക്കുന്ന
ഗന്ധമാണ്.
അടുപ്പില്‍
പുകയുന്ന
നനഞ്ഞ വിറകുകളാണ്.
അഞ്ചു മണിയായിട്ടും
തിരിച്ചെത്താത്ത
മകളെക്കുറിച്ചുള്ള
ആവലാതിയാണ്.

കോളജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍
വെള്ളാനിക്കര