കോട്ടയം: മദ്യവില്‍പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മദ്യപാനികളുടെ പ്രകടനം. കോട്ടയം കടുത്തുരത്തിയിലാണ് മദ്യപാന്‍മാര്‍ ചേര്‍ന്ന് പ്രകടനം സംഘടിപ്പിച്ചത്.

ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ് മദ്യവില്‍പനശാല സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബിവറേജസ് മദ്യവില്‍പനശാല സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമീപപ്രദേശമായ ആദിത്യപുരത്തേക്ക് മാറ്റാന്‍ ബിവറേജസ് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രദേശവാസികളും രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ മദ്യവില്‍പ്പനശാല ആദിത്യപുരത്ത് നിന്ന് മാറ്റിയേക്കും എന്ന അവസ്ഥ വന്നതോടെയാണ്് ഇവ സംരക്ഷിക്കണമെന്ന ആവശ്യവുമായി ഇവര്‍ പ്രകടനം നടത്ിയത്.

മദ്യസേവാസമിതി എന്ന പേരില്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ആദിത്യപുരത്ത് തന്നെ മദ്യവില്‍പനശാല വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.

നാട്ടിലെവിടെയും കഞ്ചാവും വ്യാജമദ്യവും സുലഭമാണെന്നും അതുകൊണ്ട് തന്നെ ഗുണനിലവാരമുള്ള മദ്യം ലഭിക്കാന്‍ നാട്ടില്‍ തന്നെ സര്‍ക്കാര്‍ മദ്യശാല വേണമെന്നും മദ്യസേവാസമിതി പറയുന്നു.

പാട്ടുപാടിയും ആര്‍പ്പു വിളിച്ചുമെത്തിയ പ്രകടനക്കാര്‍ കടുത്തുരുത്തി എസ്.ഐ രാജീവിന്റെ നിര്‍ദേശപ്രകാരം ബിവറേജസ് മദ്യവില്‍പനശാലയ്ക്ക് അന്‍പത് മീറ്റര്‍ അകലെ പ്രകടനം അവസാനിപ്പിച്ചു.