മലപ്പുറം: കൊടിഞ്ഞിയിലെ ഫൈസലിന്റെ വധത്തിന് പിന്നാലെ പ്രദേശത്തെ മതസൗഹാര്‍ദത്തിനേറ്റ വിള്ളലുകള്‍ നികത്താന്‍ കൊടിഞ്ഞിയിലെ ഇമാമുമാരും പൂജാരിമാരും ഒരുമിച്ച് ഓണസദ്യയില്‍ പങ്കെടുത്തു. കൊടിഞ്ഞി ഉള്‍പ്പെടുന്ന നന്നമ്പ്രയിലെ എല്ലാ അമ്പലങ്ങളിലെ പുജാരികളും പള്ളികളിലെ ഇമാമുമാരും ഓണസദ്യയില്‍ പങ്കെടുത്തിരുന്നു.

വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് മുന്നോടിയായി പൂക്കളമിടുകയും ചെയ്തിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ മേന്മയെ കുറിച്ച് അവബോധം വളര്‍ത്താനുള്ള മുസ്‌ലിം യൂത്ത് ലീഗിന്റെ ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഓണസദ്യ. മുന്‍ മന്ത്രിയും എം.എല്‍.എയുമായ പി.കെ അബ്ദുറബ്ബും പരിപാടിയില്‍ പങ്കെടുത്തിരുന്നു. തെയ്യാലയിലെ ശാന്തിഗിരി ആശ്രത്തിലെ സ്വാമി മധുശ്രീ ജ്ഞാനതപസ്വിയാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പ്രദേശത്തെ 25 അമ്പലങ്ങളിലെ പൂജാരിമാരും 50 ലധികം പള്ളികളിലെ ഇമാമുമാരും ഒരുമിച്ചിരുന്നാണ് ഓണസദ്യയുണ്ടത്. എഴുത്തുകാരന്‍ പി.സുരേന്ദ്രനായിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്. ജാതി മത ചിന്തകള്‍ ഒരിക്കലും സാമൂഹിക ജീവിതത്തിന് വിലങ്ങാകരുതെന്നും ഇത്തരം സദസ്സുകള്‍ ഐക്യത്തിന്റേയും സഹവര്‍ത്വത്തിന്റേയും സന്ദേശം ജനങ്ങളിലെത്തിക്കുമെന്ന് സ്വാമി മധുശ്രീ പറഞ്ഞു.


Also Read:  ‘പുലി മടയിലെത്തിയ ചീങ്കണിയും പെരുമ്പാമ്പും’; ഹൂസ്റ്റണില്‍ നടന്‍ ബാബു ആന്റണിയുടെ വീടിന് മുന്നില്‍ ചീങ്കണ്ണിയും മലമ്പാമ്പും


ഫൈസല്‍ വധത്തിനു ശേഷം പ്രദേശത്തെ സൗഹൃങ്ങളിലുണ്ടായ വേര്‍ത്തിരിവ് ഇല്ലാതാക്കാനാണു തങ്ങളുടെ പ്രചാരണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റസാക് കൊടിഞ്ഞി പറഞ്ഞു.

പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍ പള്ളി ഭാരവാഹികളും ഉസ്താദുമാരും ചേര്‍ന്നുള്ള ക്ഷേത്ര സന്ദര്‍ശനമാണ്. അടുത്ത മാസം ആദ്യത്തിലാണ് പരിപാടി. പുരാതനമായ ശിവ, വിഷ്ണു ക്ഷേത്രങ്ങളടക്കം പ്രദേശത്തെ മുഴുവന്‍ പ്രധാന ക്ഷേത്രങ്ങളിലും ഇവര്‍ സൗഹൃദ സന്ദര്‍ശനം നടത്തും. ശേഷം ക്ഷേത്ര ഭാരവാഹികളുടെ പള്ളി സന്ദര്‍ശനവും നടക്കും.