Administrator
Administrator
മഅദനി സുപ്പീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Administrator
Saturday 14th August 2010 11:40am

ന്യൂദല്‍ഹി: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനിയെ അറസ്റ്റുചെയ്യാന്‍ കര്‍ണാടക പോലീസ് കേരളത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

നേരത്തെ മഅദനി ബാംഗ്ലൂര്‍ ഹൈക്കോടതിയിലും ഹരജി സമര്‍പ്പിച്ചിരുന്നു. തനിക്കെതിരായ കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ സംസ്ഥാനസര്‍ക്കാറിനെയും പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടത്ര തെളിവില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് ഹരജിയില്‍ പറയുന്നു. നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇത്തരം കേസുകളില്‍ ഒരാളെ പ്രതിയാക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നും അന്വേഷണസംഘം ഇത് പാലിച്ചില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്.

അതിനിടെ അന്‍വാര്‍ശേരിയില്‍ പോലീസ് നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്. ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലാണ് നിരോധനാഞ്ജ പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം എസ് പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഐ ജി ഹേമചന്ദ്രന്‍ ഇന്ന് വൈകുന്നേരത്തോടെ സ്ഥലത്തെത്തുമെന്നും സൂചനുയണ്ട്.

Advertisement