തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് സഹായം തേടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി തന്നോട് സംസാരിച്ചിരുന്നു. കര്‍ണാടക സഹായം തേടിയ സാഹചര്യത്തില്‍ അത് നിര്‍വ്വഹിച്ച് നല്‍കുന്നതിന് കേരളത്തിന് ബാധ്യതയുണ്ട്. അത് കേരളം നിര്‍വ്വഹിക്കും.

അറസ്റ്റ് സംബനാധിച്ച് തീരുമാനമെടുക്കേണ്ടത് കര്‍ണാടക പോലീസാണ്. കേരളം ആവശ്യമായ സഹായം ചെയ്തു കൊടുക്കുകയാണ് ചെയ്യുക. കേരളത്തെക്കുറിച്ച് കര്‍ണാടക സര്‍ക്കാറിന് യാതൊരു തെറ്റിദ്ധാരണയുമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി തന്നോട് പറഞ്ഞിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ആരോപണമുന്നയിക്കേണ്ട പ്രശ്‌നമില്ല.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ കൈവശമായണ് കേസ് സംബന്ധിച്ച വിവരങ്ങളുണ്ടാവുക. മറ്റൊരു സംസ്ഥാനത്തിന്റെ കയ്യില്‍ ആ വിവരമുണ്ടാകില്ല. അവര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുക. ബാംഗ്ലൂര്‍ കേസിന്റെ കാര്യത്തിലും അതായിരിക്കും സ്ഥിതി.

കേസലിന്റെ ന്യായാന്യാത്തിന്റെ വാദത്തിലേക്ക് ഇപ്പോള്‍ പോകുന്നില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് അറസ്റ്റ് ചെയ്യുമ്പോഴുണ്ടാവുന്ന അനന്തര ഫലങ്ങള്‍ കേരളം പരിഗണിക്കും. ഇക്കാര്യത്തില്‍ യുക്തമായ നടപടിയെടുക്കാന്‍ ഡി ജി പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.