Categories

മഅദനിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി.
കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ദേശീയ സുരക്ഷയയും രാജ്യതാല്‍പര്യത്തെയും ബാധിക്കുന്നവയായതിനാലാണ് ഹര്‍ജി തള്ളുന്നതെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. അതേ സമയം മഅദനിയുടെ ശാരീരിക അസ്വാസ്ഥ്യംകൂടി കണക്കിലെടുത്തു മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രണ്ടേ മുക്കാല്‍ മണിക്കര്‍ നീണ്ട വാദത്തിനൊടുവിലാണ് ഹരജി തള്ളിക്കൊണ്ട് സിംഗിള്‍ ബഞ്ച് ജഡ്ജി എന്‍ ആനന്ദ ജാമ്യഹരജി തള്ളിയത്. നേരത്തെ ബാംഗ്ലൂര്‍ അതിവേഗ കോടതി അഞ്ച് മഅദനിയുടെ ജാമ്യ ഹരജി തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

അതേസമയം ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി പുറപ്പെടുവിച്ച മഅദനിയുടെ അറസ്റ്റ് വാറണ്ട് പതിന്നാല് ദിവസത്തേയ്ക്ക് നീട്ടി. നേരത്തെ പുറപ്പെടുവിച്ച അറസ്റ്റ്‌വാറണ്ടിന്റെ കാലാവധി ഇന്ന് അവസാനിച്ചിരിക്കെയാണ് ഹരജി നീട്ടിയത്.

മഅദനിക്കെതിരായ നീക്കം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മഅദനി കുടകിലെ തീവ്രവാദ ക്യാമ്പില്‍ പങ്കെടുത്തുവെന്ന ആരോപണം വിശ്വാസയോഗ്യമല്ലെന്നുമുള്ള മഅദനിയുടെ അഭിഷാഷകനായ അഡ്വ. രവി നായിക്കിന്റെ വാദം ഹൈക്കോടതി സ്വീകരിച്ചില്ല. ഇത്തരം വിശദാംശങ്ങളിലേയ്ക്ക് ഹൈക്കോടതി ഇപ്പോള്‍ കടക്കുന്നില്ലെന്നും ഇത് വിചാരണ കോടതിയില്‍ ഉന്നയിക്കാമെന്നുമായിരുന്നു ജഡ്ജിയുടെ മറുപടി.

മദനിയുടെ ആരോഗ്യനിലയെക്കുറിച്ച് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച കോടതി അദ്ദേഹത്തെ അറസ്റ്റു ചെയ്യുമ്പോഴും ചോദ്യം ചെയ്യുമ്പോഴും വേണ്ട പരിഗണന നല്‍കാന്‍ നിര്‍ദ്ദേശിച്ചു. മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഇത്രയേറെ കാലതാമസം വരുത്തിയതിന് അന്വേഷക സംഘത്തെ കോടതി വിമര്‍ശിച്ചു. കേസിലെ മുഖ്യ പ്രതിയായ തടിയന്റവിട നസീര്‍ മഅദനിക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പേ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷക ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു.

ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അബ്ദുള്‍ നാസര്‍ മഅദനിയും പി ഡി പി നേതൃത്വവും കൊല്ലം അന്‍വാര്‍ശേരിയില്‍ പ്രതികരിച്ചു. അറസ്റ്റ് വരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റിന് വഴങ്ങുമെന്ന് മദനി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.