എഡിറ്റര്‍
എഡിറ്റര്‍
ഭൂമി കയ്യേറി വീട് മോടി കൂട്ടി: അംബാനിയ്‌ക്കെതിരെ അന്വേഷണം
എഡിറ്റര്‍
Wednesday 11th April 2012 11:31am

മുംബൈ: മുകേഷ് അംബാനിയുടെ വീട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാത കയ്യേറി നിര്‍മാണം നടത്തിയെന്ന ആരോപണം സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു.

മുകേഷ് അംബാനിയുടെ 27 നിലയുള്ള ആന്റിലിയ എന്ന വീട് വികസിപ്പിക്കുന്നതിനായി നടപ്പാത കൈയ്യേറി നിര്‍മാണം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. പൊതുസ്ഥലം കയ്യേറി കോടിക്കണക്കിന് രൂപയുടെ നിര്‍മാണം പ്രവര്‍ത്തനം നടത്താന്‍ മുകേഷ് അംബാനിക്ക് മൗനസമ്മതം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടക്കും. അതേസമയം, കഴിഞ്ഞവര്‍ഷം ബോംബെ മുന്‍സിപ്പല്‍ കൗണ്‍സില്‍ കമ്മീഷണര്‍ സുബോധ് കുമാറും, അംബാനിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതാണെന്നും ഇപ്പോള്‍ ഈ വിവാദം പെരുപ്പിച്ച് കാട്ടുകയാണുണ്ടായിട്ടുള്ളതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍മാര്‍ പറയുന്നു.

സംസ്ഥാന ഗ്രാമവികസന മന്ത്രി ഭാസ്‌കര്‍ ജാധവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ അംബാനിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടത്. അന്വേഷണത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തിയാല്‍ തക്കതായ നടപടിയെടുക്കുമെന്നും അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റുമെന്നും ജാധവ് അറിയിച്ചു.

ഫ്‌ളോര്‍ സ്‌പെയ്‌സ് ഇന്റക്‌സിന്റെ ഭാഗമായി 2010 മെയില്‍ അംബാനി ഗ്രൂപ്പ് 309.31 സ്‌ക്വയര്‍ഫീറ്റ് റോഡ് കോര്‍പ്പറേഷന് വേണ്ടി മാറ്റിവെച്ചിരുന്നു. 18.30 മീറ്റര്‍ വീതിയുള്ള ആല്‍മൗണ്ട് റോഡ് വീതി കൂട്ടാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മാറ്റിവെച്ച ഭൂമി ലഭിക്കാത്തതും, ആ സ്ഥലത്ത് ബാങ്ക് ഓഫ് ഇന്ത്യ കെട്ടിടം നിലനില്‍ക്കുന്നതിനാലും വന്‍മരങ്ങളുള്ളതിനാലും കോര്‍പ്പറേഷന് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ആന്റിലിയയുടെ മോടികൂട്ടലിനായ ഈ ഭൂമി ഉപയോഗിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് 2010 ഡിസംബര്‍ 14ന് ബി.എം.സി നിയമത്തിലെ സെക്ഷന്‍ 314 പ്രകാരം ഉദ്യോഗസ്ഥര്‍ അംബാനിക്കെതിരെ നോട്ടീസ് അയച്ചിരുന്നു.

പിന്നീട് അംബാനിയും, സുബോധ് കുമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഈ ഭൂമി ആന്റിലിയയുടെ മോഡികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചുകൊണ്ട് ഒത്തുതീര്‍പ്പുണ്ടായി. എന്നാല്‍ കോര്‍പ്പറേഷന് വേണ്ടി മാറ്റിവെച്ച ഭൂമി തിരിച്ചുനല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ കോര്‍പ്പറേഷന്‍ മീറ്റിംഗില്‍ സംശയമുയ്ര#ന്നിരുന്നു. സ്റ്റാറ്റിയൂട്ടറി കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സംശയമുന്നയിച്ചത്. ഇതേ തുടര്‍ന്ന് ആ ഭൂമിയില്‍ നിര്‍മിച്ച കാര്‍പാര്‍ക്കിംഗ് ഏരിയയ്ക്ക് 2.82 ലക്ഷം രൂപയും, ഉദ്യാനത്തിന് 1.7 ലക്ഷം രൂപയും ഓരോ വര്‍ഷവും വാടക നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കി പ്രശ്‌നം പരിഹരിക്കുകയാണുണ്ടായത്.

Advertisement