ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ കുറവ് രേഖപ്പെടുത്തി. മാര്‍ച്ച് 26ന് അവസാനിച്ച് ആഴ്ച്ചയില്‍ നിരക്ക് 9.18 ശതമാനത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞനാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞയാഴ്ച്ച വിലപ്പെരുപ്പ നിരക്ക് 9.50ലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 27നായിരുന്നു വിലപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിലയിലെത്തിയത്. അന്ന് നിരക്ക് 8.69 ശതമാനമായിരുന്നു. ധാന്യങ്ങളുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പമിടിയാന്‍ കാരണമായത്.

എന്നാല്‍ മറ്റ് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. മല്‍സ്യം, മാംസ്യം, പാല്‍, പച്ചക്കറികള്‍ എന്നിവയുടെ വിലയും ഉയര്‍ന്ന നിരക്കില്‍ തന്നെയാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തില്‍ തുടര്‍ന്നിരുന്നത് സാമ്പത്തികശാസ്ത്രജ്ഞരെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു.

അതിനിടെ രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യം കൈവരിച്ചുവെന്ന് കാര്‍ഷികന്ത്രാലയം അറിയിച്ചിട്ടുണ്ട്.