ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറിയുടെ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൂചന. ബ്ലാക്ക്‌ബെറിയുടെ മെസ്സേജിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന സംവിധാനം നടപ്പാക്കിയില്ലെങ്കില്‍ ആഗസ്റ്റ് 31 മുതല്‍ സേവനങ്ങള്‍ പൂര്‍ണമായും തടയണമെന്നും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

രാജ്യസുരക്ഷക്ക് ഭീഷണിയായ മെസ്സേജിംഗ്, ഇന്റര്‍നെറ്റ് എന്നീ സംവിധാനങ്ങള്‍ നിരീക്ഷണവിധേയമാക്കാനുതകുന്ന സംവിധാനം തയ്യാറാക്കണമെന്ന് ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷനോട് (റിം) ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിര്‍ദ്ദേശം ടെലികോം സേവനദാദാക്കളെ വെട്ടിലാക്കിയിട്ടുണ്ട്. രാജ്യത്താകെ ബ്ലാക്ക്‌ബെറി സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 11 ലക്ഷത്തിലധികം വരും.