ജീവിത രേഖ/ പി എന്‍ ദാസ്

ഇരുളില്‍ എന്റെ ദേഹം ഉണങ്ങി വരണ്ട് പോകട്ടെ. തോലും എല്ലും മാംസവും ചുക്കിച്ചുളിഞ്ഞ് നശിക്കട്ടെ. എന്തു വന്നാലും ബോധോദയമുണ്ടാകാതെ ഞാനീ ഇരിപ്പില്‍ നിന്ന് ഇളകില്ല.- ഗൗതമബുദ്ധന്‍

‘ ഒരൊറ്റ മനുഷ്യന്‍ ഈ ആകെ പ്രപഞ്ചത്തെക്കാളേറെ വിലയുള്ളവനാകുന്നു'(ജൂതവിശുദ്ധ മൊഴി). എന്ന് ലോകത്തിന് തോന്നുക ബോധോദയത്തിലെത്തിയ ഒരാള്‍ , ഭൂമിയില്‍ നടന്ന് പോകുന്നത് കാണുമ്പോഴാണ്.

ബോധോദയം നേടിയ ഒരാളില്‍ എവിടെയും ഇരുണ്ട കോണുകളില്ല. എല്ലാം പ്രഭാതത്തിലെന്ന പോലെയാകുന്നു. സൂര്യന്‍ ഉദയ ചക്രവാളത്തില്‍ . .. രാത്രിയും ഇരുട്ടും അവ്യക്തതയുമെല്ലാം അപ്രത്യക്ഷമായി. രാത്രിയുടെ നിഴലുകളും മറഞ്ഞു. ഭൂമി വീണ്ടും ഉണര്‍ന്നെണീറ്റിരിക്കുന്നു. ബുദ്ധനാകുകയെന്നാല്‍ ഒരാളുടെ ഉള്ളില്‍ ഒരുദയത്തെ കാണുകയെന്നത്രെ. മനുഷ്യ ബോധോദയത്തിന്റെ പരമമായ പ്രവൃത്തി ഇതൊന്നു മാത്രം.

ഓരോ മനുഷ്യനിലും ബോധോദയത്തിനായി കാത്തുനില്‍ക്കുന്ന അജ്ഞാതനായ ഒരു ബുദ്ധനുണ്ട്. എല്ലാ തരത്തിലുമുള്ള അഹംബോധങ്ങളും മുഴുവനായി വെടിഞ്ഞ് പൂര്‍ണ ശുദ്ധബോധത്തിലെത്തുമ്പോള്‍ മാത്രമാണ് ബോധത്തിന്റെ വിളക്ക് സ്വയം എരിയാന്‍ തുടങ്ങുക. എത്ര വ്രതങ്ങള്‍ നോറ്റാലും പുണ്യഗ്രന്ഥങ്ങള്‍ ഉരുവിട്ടാലും ആചാര്യന്‍മാരെ പൂജിച്ചാലും തീര്‍ഥാടനങ്ങള്‍ പോയാലും അതുണ്ടാവില്ല. ഓരോ ദിവസത്തിന്റെയും മുഴുവന്‍ നേരങ്ങളിലും ശാന്തവും കരുണവുമായി ഒരു മനസോടെ ജീവിക്കുന്ന ഒരാളില്‍ ബോധോദയത്തിന്റെ ഒരു സാധ്യത തീര്‍ച്ചയായുമുണ്ട്.

ബോധോദയം ലഭിക്കുന്നത് വരെ ഉത്കണ്ഠ ഒഴിവാകില്ല.

ഒരു ശലഭം പൂവില്‍ തേന്‍ നുകരുകയും അതിന്റെ സുഗന്ധത്തെയോ വര്‍ണത്തെയോ അല്‍പം പോലും ഹനിക്കാതെ, പൂവിനെ നോവിക്കാതെ അതില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നത് പോലെ ബോധോതയം നേടിയ ഒരാള്‍ ഭൂമിയില്‍ ജീവിക്കുന്നു.