ഓവല്‍: കരിയറിലെ തന്റെ ആദ്യ ഡബിള്‍ സെഞ്ചുറി കണ്ടെത്തിയ ഇയാന്‍ ബെല്ലിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സ് ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 591 റണ്‍സെടുത്ത് അവസാനിപ്പിച്ചു.

മറുപടി ബാറ്റിംഗാരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 103 റണ്‍സെന്ന നിലയിലാണ്. കളിയവസാനിക്കുമ്പോള്‍ 57 റണ്‍സോടെ രാഹുല്‍ ദ്രാവിഡും അഞ്ച് റണ്‍സോടെ ക്യാപ്റ്റന്‍ ധോണിയുമാണ് ക്രീസില്‍.

ഏറെക്കുറെ മറ്റൊരു തോല്‍വി കൂടി ഏറ്റ് വാങ്ങാനുള്ള പാതയിലാണ് ഇന്ത്യ. തോല്‍വികളില്‍ നിന്നും ഇനിയും പാഠം പഠിച്ചില്ലെന്ന വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ആന്‍ഡേവ്‌സണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സെവാഗ് പുറത്തായി.

ആദ്യ രണ്ട് ടെസ്റ്റ് തോറ്റപ്പോള്‍ രക്ഷകന്റെ പരിവേഷവുമായി ടീമിലെത്തിയ സെവാഗ് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും വമ്പന്‍ പരാജയമായി. എട്ട റെണ്‍സെടുത്ത സെവാഗിനെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീടെത്തിയ ലക്ഷമണിനെ(2) ബ്രോഡ് കീപ്പര്‍ പ്രയറിന്റെ കൈകളിലെത്തിച്ചു.

സച്ചിന്‍(23) പതിവുപോലെ നന്നായി തുടങ്ങിയെങ്കിലും സ്വാനിന് മുന്നില്‍ ആന്‍ഡേഴ്‌സണ് ക്യാച്ച്് സമ്മാനിച്ച് മടങ്ങി. റയ്‌നയെ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് കീപ്പര്‍ പ്രയര്‍ സ്്‌റ്റെപ് ചെയ്ത് പുറത്താക്കി. തുടര്‍ന്ന് നൈറ്റ് വാച്ച്മാനായെത്തിയ ഇഷാന്ത് ശര്‍മ്മയും(1) പുറത്തായതോടെ ഇന്ത്യ തുടര്‍ച്ചയായ നാലാം ടെസ്റ്റിലും തോല്‍ക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

തുടരെയുള്ള വിക്കറ്റ് വീഴ്ചക്കിടയിലും ഒരറ്റത്ത് പരിക്കേറ്റ ഗംഭീറിനു പകരം ഓപ്പണ്‍ ചെയ്ത വന്‍മതില്‍ ദ്രാവിഡ് പിടിച്ച് നില്‍ക്കുന്നു എന്നതാണ് ഇന്ത്യക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന ഏക വസ്തുത.

നേരത്തെ മൂന്നിന് 457 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ രാവിലെ നന്നായി ബോള്‍ എറിഞ്ഞ ശ്രീശാന്ത് തുടരെ രണ്ട് വിക്കറ്റകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും വിലപ്പെട്ട 134 റണ്‍സ് കൂട്ടിചേര്‍ത്താണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. നൈറ്റ് വാച്ച്മാന്‍ ജയിംസ് ആന്‍ഡേഴ്‌സണെ(13)യും ഇയന്‍മോര്‍ഗ(1)നെയും ഏഴു റണ്‍സിനിടെയാണ് ശ്രീശാന്ത് പുറത്താക്കിയത്.

എന്നാല്‍ മറ്റു ബൗളര്‍മാര്‍ പാടേ നിറംമങ്ങിയത് ഇന്ത്യക്ക് വിനയായി. ബൗളര്‍മാരെ അനായാസം എതിരിട്ട ഇയാന്‍ ബെല്‍ കരിയറിലെ ആദ്യ ഇരട്ടശതകം പിന്നിട്ടശേഷമേ പിന്മാറിയുള്ളൂ. 235 റണ്‍സെടുത്ത ബെല്‍ ഒടുവില്‍ റെയ്‌നയുടെ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുടരുങ്ങിയാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ശ്രീശാന്ത് മൂന്നും റെയ്‌ന രണ്ടും വിക്കറ്റും വീഴ്ത്തി.