എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി രണ്ടാം പതിപ്പില്‍ ഷാരൂഖ് ഖാനും; ബ്രഹ്മാണ്ഡ ചിത്രത്തില്‍ കിംഗ് ഖാന്‍ എത്തുന്നത് ഈ റോളില്‍
എഡിറ്റര്‍
Tuesday 14th February 2017 5:14pm

മുംബൈ: ഇന്ത്യന്‍ സിനിമാലോകം തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലിയൊരുക്കുന്ന ബാഹുബലി: ദ കണ്‍ക്ലൂഷന്‍. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും എത്തുമെന്ന് കിംവദന്തികളുണ്ട്. വാര്‍ത്ത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്.

ചിത്രത്തിലെ ഷാരൂഖിന്റെ റോളിനെ കുറിച്ചാണ് പുതുതായി പുറത്ത് വരുന്ന വാര്‍ത്തകള്‍. ബാഹുബലിയുടേയും ഭല്ലാല ദേവയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായായിരിക്കും ഷാരൂഖ് എത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രഭാസിനും റാണാ ദഗ്ഗുബതിയ്ക്കുമൊപ്പം കിംഗ് ഖാന്‍ ഒരുമിച്ച് നിരവധി സീനുകളിലെത്തുമെന്നാണ് പറയപ്പെടുന്നത്.

ബാഹുബലിയ്ക്കും ദേവയ്ക്കും ഇടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇടനിലക്കാരനായ സുഹൃത്തായാണ് ഷാരൂഖ് അഭിനയിക്കുക. നേരത്തെ തമിഴ് താരം സൂര്യയ്ക്കും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനും ഈ റോള്‍ ഓഫര്‍ ചെയ്തിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു.

ആ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. ചിത്രത്തിന്റെ ടീസര്‍ ഈയ്യടുത്ത് പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം റഈസിനൊപ്പം പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതും അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകരുന്നു.

200 കോടി മുതല്‍മുടക്കില്‍ ചിത്രീകരിക്കുന്ന ബാഹുബലിയുടെ രണ്ടാം പതിപ്പ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദ്യ പതിപ്പിന്റെ കളക്ഷന്‍ 600 കോടിയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ താരരാജാക്കന്മാര്‍ ഒരുമിക്കുന്ന രണ്ടാം പതിപ്പ് സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ക്കുമെന്നുറപ്പാണ്.

Advertisement