sfi-rwകേരളത്തിലെ വിദ്യാഭ്യാസ കച്ചവടവത്‌കരണത്തെ തന്റെ ജീവിതം കൊണ്ട്‌ ചോദ്യം ചെയ്‌ത രജനി എസ്‌ ആനന്ദ്‌ മരിച്ചിട്ട്‌ ജൂലൈ 22ന്‌ അഞ്ച്‌ വര്‍ഷം തികയുന്നു. രജനിയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന്‌ കേരളത്തില്‍ അരങ്ങേറിയ വിദ്യാര്‍ഥി സമരങ്ങള്‍ നിരവധി. സെക്രട്ടേറിയറ്റിന്‌ മുന്നില്‍ വിദ്യാര്‍ഥികള്‍ രക്തം കൊണ്ട്‌ ചരിത്രമെഴുതി. വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ തീവ്രഭാവം കേരളം കണ്ടറിഞ്ഞ ദിനങ്ങളായിരുന്നു അത്‌.

കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ കാലത്തായിരുന്നു അടൂര്‍ ഐ. എച്ച്‌. ആര്‍. ഡി. കോളേജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന രജനി വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതിനെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ ഹൗസിംഗ്‌ ബോര്‍ഡ്‌ ബില്‍ഡിംഗിന്റെ മുകളില്‍ നിന്നു ചാടി മരിച്ചത്‌. മരണം കേരളത്തെ ഞെട്ടിച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തി. പാവപ്പെട്ടവര്‍ക്ക്‌ പഠനം ഉറപ്പാക്കുന്ന തരത്തില്‍ സ്വാശ്രയ നിയമം കൊണ്ട്‌ വന്നു. വേണ്ടത്ര പഠനം നടത്താതെ കൊണ്ട്‌ വന്ന നിയമത്തെ കോടതി അസാധുവാക്കി. പിന്നെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക്‌ തോന്നിയതു പോലെയായി പ്രവേശനം. ഇപ്പോഴത്തെ ബേബി മന്ത്രി സ്വാശ്രയ മാനേജ്‌മെന്റുമായി കരാറുണ്ടാക്കി പകല്‍ക്കൊള്ളക്ക്‌ അംഗീകാരവും നല്‍കി.

രജിനി എസ്‌ ആനന്ദ്‌ ഓര്‍മ്മയില്‍ തിരിച്ചെത്തുന്നത്‌ ഈ ഘട്ടത്തിലാണ്‌. തുടിക്കുന്ന പ്രായത്തില്‍ തന്റെ ജീവന്‍ നല്‍കിയതിലൂടെ രജനി വരും തലമുറക്കെങ്കിലും വിദ്യാഭ്യാസത്തിനുള്ള അവകാശം ലഭിക്കട്ടെയെന്ന്‌ ആഗ്രഹിച്ചിരിക്കാം. കേരള മനസാക്ഷിയുടെ മുന്നില്‍ വെച്ച്‌ രജനി ജീവന്‍ സ്വയം അര്‍പ്പിച്ചതിലൂടെ ഒരു പാട്‌ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നമുക്കിതുവരെ കഴിഞ്ഞില്ല. രജനിയുടെ ജീവന്‍ കൊണ്ട്‌ പ്രക്ഷുബ്ദ സമരം സൃഷ്ടിച്ചവര്‍ ഇന്ന്‌ മാളത്തിലൊളിച്ചു. അന്നത്തെ സമരക്കാരുടെ സ്വന്തം പാര്‍ട്ടിക്കാരനാണ്‌ ഇന്നത്തെ വിദ്യാഭ്യാസമന്ത്രി. വിദ്യാര്‍ഥികളെ കൊലക്ക്‌ കൊടുക്കുന്ന കരാറൊപ്പിടുമ്പോള്‍ ആദ്യമൊക്കെ മന്ത്രിയുടെ കൈ വിറച്ചിരുന്നു. പിന്നെ അതൊരു ശീലമായി. ഒരു പക്ഷെ നാളത്തെ നിയമവും ഇതായിരിക്കും. അങ്ങാടിയില്‍ തോറ്റതിന്‌ അടുക്കളയിലെന്ന പോലെ എസ്‌.എഫ്‌.ഐക്കാര്‍ കഴിഞ്ഞ ദിവസം മുഹമ്മദ്‌ കമ്മിറ്റി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി കൈതരിപ്പ്‌ തീര്‍ക്കുകയും ചെയ്‌തു.

പ്രതിപക്ഷത്തെ കുട്ടി സംഘടനകള്‍ പ്രതിഷേധക്കുറിപ്പെഴുതിയും സായ്‌ഹ്ന ധര്‍ണകള്‍ നടത്തിയും പരാടിയില്‍ പങ്കെടുക്കുന്നുണ്ട്‌. കത്തോലിക്ക സഭയുടെ അരമന സൂക്ഷിപ്പുകാരായ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയില്‍ നിന്ന്‌ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ജീവിച്ചിരുന്നെങ്കില്‍ രജനി എസ്‌ ആനന്ദ്‌ കുടുംബത്തിന്‌ അത്താണിയായി മാറേണ്ട കാലമായിരുന്നു ഇത്‌. സമൂഹം അവരെ മറന്നു. ഇപ്പോള്‍ ദു:ഖം കടിച്ചിറക്കുന്നത്‌ രജനിയുടെ കുടുംബം മാത്രമാണ്‌. തിരുവനന്തപുരം വെള്ളറട നെല്ലിശ്ശേരിയിലാണ്‌ രജനിയുടെ കുടുംബം കഴിയുന്നത്‌. കോഴിക്കോട്‌ മുക്കം കാരശ്ശേരിയിലായിരുന്നു ചുമട്ട തൊഴിലാളിയായ രജനിയുടെ അച്ചന്റെ ജോലി. അസുഖമായതിനാല്‍ നാലു മാസമായി ജോലിക്കു പോകുന്നില്ല. ഭാര്യ ശാന്തകുമാരിക്കും സുഖമില്ല.

രജനി മരിച്ചപ്പോള്‍ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ പിരിവെടുത്ത്‌ നാലു ലക്ഷം രൂപക്ക്‌ വീട്‌ വച്ചു നല്‍കിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠിച്ച മകന്‌ സഹകരണ അക്കാഡമിയില്‍ ക്‌ളാര്‍ക്ക്‌ കം അറ്റന്‍ഡറായി ജോലിയും നല്‍കി. സമൂഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രജനിയുടെ കുടുംബമെങ്കിലും രക്ഷപ്പെടട്ടെ. മരണത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ്‌ ഖാലിദ്‌ കമ്മിഷന്‍ രജനിയുടെ മാതാപിതാക്കള്‍ക്ക്‌ അര്‍ഹമായ നഷ്ട പരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന്‌ ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല.