മലയാളികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. കേരളത്തിന് ലഭിക്കുന്ന വിദേശപണത്തിന്റെ ഭൂരിഭാഗവും വരുന്നത് ഇവിടെ നിന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ബഹ്‌റൈനില്‍ കത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധം കേരളത്തെയും ബാധിക്കും.

ബഹ്‌റൈനിന്റെ തലസ്ഥാനമായ മനാമയിലെ പേള്‍ സ്‌ക്വയറിലാണ് പ്രക്ഷോഭങ്ങള്‍ ആദ്യം തുടങ്ങിയത്. ഇപ്പോള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അത് രാജ്യമുഴുവനും പടരാന്‍ അധികസമയം വേണ്ടിവരില്ല. വെറും 750കിലോമീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണം മാത്രമേ ഈ രാജ്യത്തിനുള്ളൂ. അതുകൊണ്ടുതന്നെ മനാമയിലെ പ്രതിഷേധക്കാറ്റ് തെല്ലൊന്ന് ആഞ്ഞുവീശിയാല്‍ ബഹ്‌റൈന്‍ ആളിക്കത്തും. ഒപ്പം ലക്ഷക്കണക്കിന് മലയാളികളും.

ഇപ്പോള്‍ തന്നെ ബഹ്‌റൈനിലുള്ള മലയാളികളില്‍ പലര്‍ക്കും ജോലിക്കുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. പലര്‍ക്കും പുറത്തിറങ്ങാന്‍ പോലുമാകാത്ത സ്ഥിതി. തിരിച്ചുപോന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം ലഭിക്കാത്തവര്‍ അവിടെ തന്നെ കടിച്ചു തൂങ്ങിനില്‍ക്കുന്നു. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചുപോരുന്നു. കടകളും ഹോട്ടകളും അടച്ചതിനാല്‍ ഭക്ഷണം പോലും കിട്ടാതെ വലയുകയാണിവര്‍.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബഹ്‌റൈനിലെ ഒരുപാട് മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. അതിനു പിന്നാലെ ഗള്‍ഫിലെ ലേബര്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകകൂടി ചെയ്തപ്പോള്‍ പലരുടേയും സ്വപ്‌നങ്ങള്‍ തന്നെയാണ് തകര്‍ന്നത്. ഈ സാഹചര്യത്തിലാണ് മറ്റൊരു പ്രതിസന്ധികൂടി ഇവര്‍ക്കു നേരിടേണ്ടിവരുന്നത്.

നാട്ടിലുള്ള ബന്ധുക്കളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. അന്യനാട്ടില്‍ പോയി അധ്വാനിക്കുന്നതുകൊണ്ടാണ് പലരുടേയും കുടുംബം പുലരുന്നത് തന്നെ. സാമ്പത്തിക ബുദ്ധിമുട്ടുകളും ഒപ്പം ഉറ്റവരെ കുറിച്ചുള്ള ചിന്തകളും ബന്ധുക്കളുടെ ഉറക്കം കെടുത്തുകയാണ്.

പ്രശ്‌നം കുറേക്കൂടി ആളിക്കത്താന്‍ തുടങ്ങിയാല്‍ ഇവിടെയുള്ള വിദേശികള്‍ക്ക് നാട്ടിലേക്കു തിരിക്കുകയല്ലാതെ മറ്റൊരു വഴിയുണ്ടാവില്ല. കടം വാങ്ങിയും, വീടുവിറ്റും ഗള്‍ഫിലേക്ക് പോയ ഇവരുടെ സ്വപ്‌നങ്ങളും അതോടെ അവസാനിക്കും.