തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ഫ്‌ളൈ ആഷ് ഇറക്കുമതിക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്.

അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സഫിയുള്ള സെയ്ദ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കരാറിലൂടെ കമ്പനിക്ക് 16.17 കോടിയുടെ നഷ്ടം വന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അന്നത്തെ മാനേജിങ് ഡയറക്ടര്‍ എസ്.എസ്. മോനി, ജനറല്‍ മാനേജരായിരുന്ന മുരളീധരന്‍ നായര്‍, വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ സഹായി എസ്. വടിവേലു, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, കമ്പനി ഡയറക്ടര്‍മാരായ എല്‍. കൃഷ്ണകുമാര്‍, ടി. പത്മനാഭന്‍ നായര്‍ എന്നിങ്ങനെയാണ് പ്രതികള്‍.

വി.എം. രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറായ കോയമ്പത്തൂരിലെ എ.ആര്‍.കെ. വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഫൈഌആഷ് കരാര്‍ കൊടുത്തിരുന്നത്. ഫൈഌആഷ് കൊണ്ടുവരുന്നതിന് രാധാകൃഷ്ണന്‍ പ്രൊപ്പൈറ്ററായ തൂത്തുക്കുടിയിലെ എസ്.ആര്‍.വി. ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. ഈ കരാറിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ തൂത്തുക്കുടി തെര്‍മല്‍ പ്ലാന്റില്‍ നിന്നായിരുന്നു ഫ്‌ളൈ ആഷ് കൊണ്ട്് വന്നിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള എ.ആര്‍.കെക്ക് നല്‍കുകയായിരുന്നു. ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു നടപടി.

എസ്.ആര്‍.വി. ട്രാന്‍സ്‌പോര്‍ട്ടിങ് എന്ന സ്ഥാപനത്തിന് കരാര്‍ കൊടുത്തത് മതിയായ പരിശോധനയില്ലാതെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനുപുറമെ തൂത്തുക്കുടിയില്‍നിന്ന് ഫൈഌആഷ് കൊണ്ടുവരുന്നതിന് കരാര്‍ നല്‍കിയിട്ട് സേലം മേട്ടൂരില്‍നിന്നാണ് കുറച്ച് ഫൈഌആഷ് കൊണ്ടുവന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. എന്നാല്‍ കടത്തുകൂലി വാങ്ങിയിരിക്കുന്നത് തൂത്തുക്കുടിയിലെ വാടകയനുസരിച്ചും. ഇതിന് കൃത്രിമരേഖയുണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.

കടത്തുകൂലി കൂട്ടിനല്‍കിയും മതിയായ ദര്‍ഘാസ് വിളിക്കാതെയും കരാര്‍ നല്‍കിയതിലൂടെ മലബാര്‍ സിമന്റ്‌സിന് 16,17,16,372 രൂപയാണ് നഷ്ടം വന്നിരിക്കുന്നത്. അഴിമതിനിരോധന വകുപ്പ് വിശ്വാസവഞ്ചന, കൃത്രിമരേഖ നിര്‍മിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇതിന്റെ വിചാരണ ഫിബ്രവരി 16 മുതല്‍ ആരംഭിക്കും. ഇനി രണ്ടു കേസുകളില്‍ കൂടി കുറ്റപത്രം നല്‍കാനുണ്ട്.