മൂവാറ്റുപുഴ: ചോദ്യപേപ്പര്‍ വിവാദത്തില്‍ ആക്രമണത്തിനിരയായ പ്രൊഫ. ടി ജെ ജോസഫ് വീട്ടില്‍ തിരിച്ചെത്തി. കൊപ്പത്തി വെട്ടി മാറ്റപ്പെട്ടതിനെ തുടര്‍ന്ന് ഒരുമാസത്തോളം നീണ്ട ചികിത്സയിലാണ് അധ്യാപകന്‍ വീട്ടിലെത്തിയത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ എറണാകുളത്തെ ആശുപത്രിയില്‍നിന്നു അദ്ദേഹം വീട്ടിലെത്തിയത്.

ഭാര്യ സെലിന്‍, സഹോദരി സിസ്റ്റര്‍ സ്റ്റെല്ല, മകന്‍ മിഥുന്‍ എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. വീട്ടില്‍ സഹപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നിരുന്നു. എനിക്കു പ്രശ്‌നമൊന്നുമില്ലെന്നും സുഖമാണെന്നും പുറത്ത് കാത്തു നിന്ന് മാധ്യമപ്രവര്‍ത്തകരോടും നാട്ടുകാരോടും അദ്ദേഹം പറഞ്ഞു.

ഡി വൈ എസ് പി കെ എം സാബു മാത്യു, സി ഐ പി പി ഷംസ്, എസ് ഐ മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തിയിരുന്നു. എസ് ഐയുടെ നേതൃത്വത്തില്‍ വീട്ടില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ നാലിനാണ് പ്രഫ.ജോസഫ് ആക്രമണത്തിന് ഇരയായത്.