കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കോടതിമുറിയില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയി്ല്‍ അഭിഭാഷകരുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി.

ആത്മാര്‍ത്ഥമായി പരിശ്രമിച്ചതുകൊണ്ടാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ സുനിയില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി ഒളിത്താവളമാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡി.ജി.പി പറഞ്ഞു.

കേസ് തെളിയിക്കാന്‍ പൊലീസിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. പൊലീസ് മാന്ത്രികരുമല്ല. നിയമാനുസൃതം മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോകുകയുള്ളൂവെന്നും ഡി.ജി.പി പറഞ്ഞു.

കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്തായിരുന്നു അതിനാടകീയമായി സുനി കോടതിമുറിക്കുള്ളില്‍ കയറിയത്. ഒരു അഭിഭാഷകയ്‌ക്കൊപ്പം വെള്ള ഷര്‍ട്ടും ഹെല്‍മെറ്റും ധരിച്ചായിരുന്നു സുനി കോടതിക്കകത്ത് കയറിയത്.

അത് സുനിയാണെന്ന് ആദ്യംതിരിച്ചറിഞ്ഞതും ഒരു അഭിഭാഷകനായിരുന്നു. ഇതോടെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഇയാളെ തിരിച്ചറിയുകയും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ബലപ്രയോത്തിലൂടെ സുനിയെ അറസ്റ്റ് ചെയ്ത് ജീപ്പില്‍കയറ്റുകയായിരുന്നു.